തെലങ്കാന:അടുത്തിടെയായി വാര്‍ത്ത തലകെട്ടുകളില്‍ ഇടംപിടിച്ച പേരാണ് മലൈക അറോറ. നടി, നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്‌തയാണ് മലൈക അറോറ. വീഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ മലൈക അവിടെ നിന്നും മോഡലിംഗിലേയ്‌ക്കു തിരിയുകയായിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്കും.. പിന്നീട് ബോളിവുഡില്‍ ഐറ്റം ഡാന്‍സുകളുടെ പര്യായമായി മാറി മലൈക അറോറ.
മണിരത്‌നം ചിത്രം 'ദില്‍ സേയി'ല്‍ ഷാരൂഖ് ഖാനൊപ്പം ചയ്യ ചയ്യ എന്ന സൂപ്പർഹിറ്റ് ഡാൻസ് നമ്പറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി. മലൈകയുടെ ആദ്യ ചിത്രം കൂടിയായിരുന്നു 'ദില്‍ സേ'. പിന്നീട് 'മുന്നി ബദ്നാം ഹുയി', 'മാഹി വേ' എന്നിവയുൾപ്പെടെ നിരവധി ഐറ്റം ഡാന്‍സുകള്‍ ചെയ്‌ത് ബിഗ് സ്ക്രീനില്‍ തിളങ്ങാനായി മലൈകയ്‌ക്ക്.
Malaika Arora on her item songs: നമ്രത സക്കരിയയുമായുള്ള സംഭാഷണത്തില്‍ ഐറ്റം ഡാന്‍സുകളെ കുറിച്ച് തുറന്നു പറയുകയായിരുന്നു മലൈക അറോറ. ഐറ്റം ഡാന്‍സുകള്‍ സ്‌ത്രീകളെ വസ്‌തുനിഷ്‌ഠമാക്കുന്നതാണെന്ന് വിമര്‍ശിക്കപ്പെട്ടപ്പോള്‍, താന്‍ ചെയ്‌ത ഐറ്റം നമ്പറുകളെ ന്യായീകരിച്ചിരിക്കുകയാണ് മലൈക അറോറ. ജനപ്രിയ അഭിപ്രായത്തിന് വിരുദ്ധമായി ഇത് എനിക്കൊരു വിമോചന അനുഭവമാണെന്നാണ് മലൈക പറയുന്നത്. ഐറ്റം നമ്പരുകൾ ഇപ്പോൾ ബോളിവുഡ് സിനിമകളുടെ സത്തയാണെന്നും മലൈക പറഞ്ഞു.