രവി ബോംബെ എന്ന രവിശങ്കർ ശർമ അന്യനാട്ടുകാരനാണോ എന്ന അത്ഭുതം നഖക്ഷതങ്ങളിലെ അദ്ദേഹത്തിന്‍റെ ഗാനങ്ങൾ കേട്ട അന്ന് തൊട്ടേ മലയാളിക്കുണ്ട്.... ഒ.എൻ.വിയുടെയും യൂസഫലി കേച്ചേരിയുടെയും കൈതപ്രത്തിന്‍റെയുമെല്ലാം വരികളുടെ സാഹിത്യഭംഗി ഒട്ടും ചോർന്ന് പോകാതെ... രാഗഭാവമുളള നൂറോളം മെലഡികൾ മലയാള സംഗീതത്തോട് ഇഴചേർത്ത വിശുദ്ധ സംഗീതത്തിന്‍റെ സൃഷ്ടാവാണ് അന്നും ഇന്നും എന്നും മലയാളി ഇഷ്ടപ്പെടുന്ന ബോംബെ രവി.
അദ്ദേഹത്തിന്‍റെ സംഗീതം ഇല്ലാത്ത ഒമ്പത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു... മലയാളം മാടിവിളിച്ചപ്പോഴെല്ലാം ഒരു മുഷിച്ചിലും കൂടാതെ ദൂരെ നിന്ന് ഓടി വന്ന് ഹിറ്റുകൾ മാത്രം സമ്മാനിച്ച ഒരു അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. 20 വർഷം നീണ്ടുനിന്ന കരിയറിൽ മലയാളത്തിൽ അദ്ദേഹം സംഗീതം നൽകിയത് 15 മലയാള സിനിമകൾക്ക് വേണ്ടി മാത്രം.... പക്ഷേ ആ സിനിമകളുടെ ലിസ്റ്റ് ഒന്ന് എടുത്ത് നോക്കിയാല്‍ കാണാന്‍ സാധിക്കും എല്ലാം ഇന്നും ജനപ്രിയമായ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്....
ആറുപതിറ്റാണ്ട് ഇന്ത്യന്‍ സിനിമയില്‍ അതുല്യനായി നിലകൊണ്ട സംഗീത പ്രതിഭയായിരുന്നു ബോംബെ രവി. ഭാഷയ്ക്കതീതമായ ഭാഷയായിരുന്നു അദ്ദേഹത്തിന് സംഗീതം. സിനിമയുടെ കഥ, ഗാനസന്ദര്‍ഭം, വരികളുടെ അര്‍ഥം, ചിത്രീകരിക്കുന്നതെങ്ങനെ എന്നിവയൊക്കെ മനസിലാക്കിയാണ് ബോംബെ രവി സംഗീതസംവിധാനം നിര്‍വഹിക്കാറ്. പാട്ടെഴുതിയശേഷം ഈണമിടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. പൂര്‍ണതയ്ക്കുവേണ്ടിയുള്ള ഈ സമര്‍പ്പണം കാരണം അദ്ദേഹത്തിന്‍റെ ഗാനങ്ങളെല്ലാം ജനങ്ങള്‍ നന്നായി സ്വീകരിച്ചു. നഖക്ഷതങ്ങൾ, പഞ്ചാഗ്നി, തീർത്ഥം, വൈശാലി, ഒരു വടക്കൻ വീരഗാഥ, വിദ്യാരംഭം, സർഗ്ഗം, സുകൃതം, പാഥേയം, പരിണയം, കളിവിളക്ക്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ തുടങ്ങി സംഗീതസാന്ദ്രമായ 15ഓളം ചിത്രങ്ങൾ ബോംബെ രവി മലയാളത്തിന് സമ്മാനിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ബോംബെ രവിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് പരിണയത്തിലൂടെയാണെന്നത് മലയാളിക്ക് എന്നും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
1926 മാർച്ച് 3ന് ഡൽഹിയിലാണ് ബോംബെ രവിയുടെ ജനനം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചില്ലെങ്കിലും സ്വന്തമായി ഹാര്‍മോണിയം വായിക്കാന്‍ പഠിച്ചു. പതുക്കെ മറ്റ് പല ശാസ്ത്രീയ സംഗീതോപകരണങ്ങളും പഠിച്ചു. 1954ൽ പുറത്തിറങ്ങിയ വചൻ എന്ന ചിത്രത്തിലൂടെയാണ് ബോംബെ രവി സിനിമാ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുറച്ച് കാലം ഹിന്ദിയിൽ ബോംബെ രവിയുടെ കാലമായിരുന്നു. പ്രതിഭ തെളിഞ്ഞ് നിന്ന ഒട്ടനവധി മെലഡികള്‍ ഈ കാലയളവിൽ അദ്ദേഹത്തിന്‍റേതായ് പിറന്നു. ഹിന്ദി സിനിമാ ഗാനങ്ങളില്‍ ഒരുകാലത്ത് മെലഡി തരംഗം തന്നെ അദ്ദേഹം സൃഷ്ടിച്ചുവെന്ന് പറയാം.
മെലഡി കിംഗ് എന്നായിരുന്നു ഇക്കാരണം കൊണ്ട് അദ്ദേഹത്തെ ഹിന്ദി ആസ്വാദകർ വിളിച്ചിരുന്നത്. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. 1950-1960കളില്‍ ബോളിവുഡില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം 1970 മുതല്‍ 1984 വരെ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്നു. പിന്നീട് ബോംബെ രവി എന്ന പേരില്‍ മലയാള സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ശക്തമായ തിരിച്ചുവരവ്. മലയാള സിനിമയുടെ വിശാലമായ സംഗീത ലോകത്തേക്ക് അദ്ദേഹത്തെ കൂട്ടികൊണ്ട് വരുന്നത് സംവിധായകൻ ഹരിഹരനാണ്. എം.ടി-ഹരിഹരൻ കൂട്ടുകെട്ടിൽ 1986ൽ പുറത്തിറങ്ങിയ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ അങ്ങനെ അദ്ദേഹത്തിന്‍റെ ആദ്യ മലയാളചിത്രമായി. ആ ചിത്രത്തിലെ 'മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന ഗാനത്തിലൂടെയാണ് ബോംബെ രവി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ആ ഗാനമാകട്ടെ കെ.എസ് ചിത്രക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. അത് കൂടാതെ ചിത്രത്തിലെ നീരാടുവാൻ, കേവലം മർത്യഭാഷ, ആരെയും ഭാവഗായകനാക്കും തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി.
മലയാളത്തിൽ ബോംബെ രവി സംഗീതം നൽകിയ ഗാനങ്ങളിൽ ഏറെയും രചിച്ചത് യൂസഫലി കേച്ചേരിയും ഒ.എൻ.വിയുമാണ്. കൂടാതെ കെ.ജയകുമാർ, കൈതപ്രം എന്നിവരുടെ വരികൾക്കും അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. അദ്ദേഹം മലയാളത്തിൽ അവസാനം ഈണം നൽകിയത് 2005 ൽ പുറത്തിങ്ങിയ ‘മയൂഖം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ്. മംമ്‌ത മോഹൻദാസ് ആദ്യമായി നായികാവേഷത്തിൽ അഭിനയിച്ച ഈ സിനിമയിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു. കെ.എസ് ചിത്രയ്ക്ക് രണ്ട് തവണ ദേശീയ അംഗീകാരം ലഭിച്ചത് ബോംബെ രവിയുടെ ഗാനങ്ങളിലൂടെയാണ്. ഹിന്ദിക്കും മലയാളത്തിനും പുറമേ തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളിലായി 250ല്‍ അധികം ചലച്ചിത്രങ്ങള്‍ക്ക് ബോംബെ രവി സംഗീതം നൽകിയിട്ടുണ്ട്. 1971ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഫിലിം ഫെയർ അവാർഡ് കൂടാതെ ഇതരസംസ്ഥാനങ്ങളിലെ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലളിതവും മനോഹരവുമായ ഈണങ്ങള്‍കൊണ്ട് ആരെയും ഭാവഗായകനാക്കുന്ന സംഗീത സൗന്ദര്യം...അതായിരുന്നു ബോംബെ രവി....