പ്രണയവും വിരഹവും ഗസലും ഭജനും യുഗ്മ ഗാനങ്ങളും ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ നിറച്ച ഗായകന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. മുഹമ്മദ് റഫി.1980 ജൂലൈ 31നാണ് റഫിയെന്ന മഹാ ഇതിഹാസം നടന്നകന്നത് .അന്ന് 55 വയസുമാത്രമായിരുന്നു റഫിയുടെ പ്രായം. സംഗീത യുഗത്തിന്‍റെ അടയാളമായിരുന്ന മുഹമ്മദ് റഫിയുടെ 94-ാം പിറന്നാളാണ് ഇന്ന് .
റഫിയുടെ ഗാനങ്ങള്‍ ഹിന്ദി സിനിമയില്‍ മാത്രം ഒതുങ്ങി നിന്നില്ല. മറാത്തി, കൊങ്കണി, ആസാമീസ്, ഭോജ്‌പുരി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിലും റഫിയുടെ സ്വരമാധുര്യം നിറഞ്ഞു നിന്നു. മലയാളത്തിന്‍റെ ക്ഷണം സ്വീകരിച്ച് കുതിരവട്ടം പപ്പുവും അടൂർ ഭവാനിയും അഭിനയിച്ച "ശബാബ് ലേകെ" ഗാനം ആലപിച്ചത് മുഹമ്മദ് റഫിയായിരുന്നു. ഹിന്ദി ഗാനങ്ങളിലേക്ക് മലയാളികളെ ആകർഷിച്ച ഗന്ധർവസ്വരത്തിന് കേരളത്തിലും ഒട്ടനവധി ആരാധകരുണ്ട് .
"ബഹാറോ ഫൂല് ബർസാവോ","യേ ചാന്ദ് സാ റോഷൻ ചെഹ്‌രാ", "ചാഹൂംഗാ മെം തുജേ", "അകേലെ അകേലെ കഹാം ജാ രഹേ ഹോ", "ദീവാന ഹുവാ ബദൽ", "ആസ്‌മാൻ സേ ആയാ ഫരിഷ്‌താ" തുടങ്ങി അദ്ദേഹത്തിന്‍റെ നിരവധി ഗാനങ്ങൾ മലയാളിയുടെ ഇഷ്‌ടഗാനങ്ങളിലും ഇടംപിടിച്ചു. സംഗീതം കൊണ്ട് വസന്തമൊരുക്കിയ മുഹമ്മദ് റഫി കാലചക്രം ചലിക്കുമ്പോഴും മങ്ങലേൽക്കാതെ ഓരോ ആസ്വാദകനിലും ഇന്നും നിറഞ്ഞുനിൽക്കുകയാണ്.
1924 ഡിസംബർ 24ന് പഞ്ചാബിലെ അമൃത്‌സറിനടുത്ത് ഇന്ന് പാകിസ്ഥാനിലുള്ള പ്രദേശമായ കോട്‌ല സുൽത്താൻ സിംഗിലാണ് മുഹമ്മദ് റഫി ജനിച്ചത്. ഹാജിഅലിമുഹമ്മദ്, അല്ലാ രാഹ മുഹമ്മദ്‌ശാഫി എന്നിവരാണ് മാതാപിതാക്കൾ. രണ്ട് സഹോദരിമാരും നാല് സഹോദരന്മാരും അച്ഛനും അമ്മയുമടങ്ങുന്നതാണ് മുഹമ്മദ് റഫിയുടെ കുടുംബം. ചെറുപ്പത്തിലെ തനിക്കുള്ള സംഗീത വാസന തിരിച്ചറിഞ്ഞ് റഫി ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, വാഹിദ്ഖാൻ എന്നിവരിൽ നിന്നും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം സായത്തമാക്കി.
20 വയസുള്ളപ്പോൾ ബോംബെയിലേക്ക് മാറിയ ശേഷം ഗാനങ്ങളുടെ കോറസിൽ പാടാനുള്ള ശ്രമങ്ങൾ തുടങ്ങി. 10 രൂപ പ്രതിഫലത്തിലായിരുന്നു അദ്ദേഹം കോറസിൽ പാടിയത്. പിന്നീട്, ഇതിഹാസ സംഗീത സംവിധായകൻ നൗഷാദ് അലിയുടെ ഗാനങ്ങൾക്കും റഫി പാടി.
1944 ആയിരുന്നു ലോകം വാഴ്‌ത്തിയ സംഗീത ഇതിഹാസത്തിന്‍റെ സിനിമയിലേക്കുള്ള തുടക്കം. എ.ആർ കർദാറുടെ പെഹ്‌ലേ ആപ് എന്ന ചിത്രത്തിൽ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവർക്കൊപ്പം മുഹമ്മദ് റഫിയും പാടി. "ഹിന്ദുസ്ഥാൻ കേ ഹം ഹേൻ" അങ്ങനെ റഫിയുടെ ആദ്യ ഗാനമായി. ഈ സമയത്ത് തന്നെ ഗോൻ കി ഗോരി (1944) എന്ന ചിത്രത്തിലും, ജി.എം ദുരാണിക്കൊപ്പം അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും ഗാനമാലപിച്ചു. പിന്നീട്, ലോകം കണ്ടത് റഫി യുഗം. റഫിയുടെ ഗാനങ്ങള്‍ ആസ്വദിക്കാനായി ജനങ്ങൾ തിയേറ്ററുകളിൽ കേറിയ കാലമായിരുന്നു അത്.
നൗഷാദ് അലിയെ കൂടാതെ, എസ്‌ഡി ബർമൻ, ശങ്കർ-ജയ്‌കിഷൻ, രവി, ഒപി നയ്യാർ, മദൻ മോഹൻ, ലക്ഷ്‌മികാന്ത്-പ്യാരേലാൽ, കല്യാൺജി-ആനന്ദ് ജി തുടങ്ങിയ സംഗീത സംവിധായകരുടെ ഈണങ്ങൾക്കൊപ്പം റഫിയുടെ ഹൃദ്യമായ സ്വരം കൂടി കലർന്നപ്പോൾ കാലം കടന്നു സഞ്ചരിച്ച ചലച്ചിത്ര ഗാനങ്ങൾ പിറവി കൊണ്ടു. ഗായകന്മാരിൽ ഏറ്റവമധികം ആരാധകരെ സ്വന്തമാക്കിയ ഗായകന്മാരിലൊരാളായും മുഹമ്മദ് റഫി വളർന്നു.