സുശാന്ത് സിംഗിന്‍റെ വിയോഗത്തിന് ശേഷം ആസിഫ് ബസ്‌റയുടെ തൂങ്ങിമരണവും ബോളിവുഡിന് വലിയ ആഘാതമായിരുന്നു. ജബ് വീ മെറ്റ്, വൺസ് അപോൺ എ ടൈം ഇൻ മുംബൈ സിനിമകളിലും ഹോസ്റ്റേജസ് പാതാൾ ലോക് സീരീസുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ആസിഫ് ബസ്‌റ. ഇപ്പോഴിതാ താരം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്.
ഫാമിലിമാൻ സീസൺ 2ൽ അന്തരിച്ച നടൻ ആസിഫ് ബസ്‌റ
മനോജ് ബാജ്പേയിയുടെ ജനപ്രീയ വെബ്‌സീരീസ് ഫാമിലി മാൻ2വിന്‍റെ ട്രെയിലറിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് പിന്നാലെ ആരാധകരുടെ ശ്രദ്ധയാകർഷിച്ചത് ആസിഫ് ബസ്‌റയായിരുന്നു. സീരീസിന്‍റെ രണ്ടാം സീസണിൽ ആസിഫ് ബസ്‌റ ഒരു മാനസികാരോഗ്യവിദഗ്‌ധന്‍റെ വേഷമാണ് അവതരിപ്പിച്ചത്.
തീവ്രവാദസംഘടനകൾക്കെതിരെ പൊരുതുന്ന അന്വേഷണ ഉദ്യോഗസ്ഥനാണ് മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് എന്ന നായകൻ. അതേസമയം, ഒരു മധ്യവർഗ കുടുംബനാഥന്‍റെ പിരിമുറുക്കങ്ങളിൽ സമ്മർദ്ദത്തിലാകുന്ന ശ്രീകാന്തിന്‍റെയും ഭാര്യ സുചിത്ര അയ്യരുടെയും ബന്ധത്തിലെ വിള്ളലുകൾക്ക് പരിഹാരം കാണാൻ ഇരുവരും ആസിഫ് ബസ്‌റയുടെ സഹായം തേടുന്നതാണ് ട്രെയിലറിൽ കാണാനാവുന്നത്. ആസിഫ് ബസ്‌റ ഏറ്റവും അവസാനം അഭിനയിച്ച സീരീസ് കാണാൻ ആരാധകരും ആവേശത്തിലാണ്. കഴിഞ്ഞ നവംബറിലായിരുന്നു നടനെ ഹിമാചൽ പ്രദേശിലെ ധർമശാലയിലുള്ള സ്വകാര്യ ഗസ്റ്റ് ഹൗസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
More Read: ഹിന്ദി നടൻ ആസിഫ് ബസ്റ തൂങ്ങി മരിച്ച നിലയിൽ
തന്‍റെ ആദ്യ ഡിജിറ്റൽ പ്രവേശനത്തിൽ പ്രതിനായികയായി കസറുന്ന സാമന്ത അക്കിനേനിയും ഒപ്പം അപ്രതീക്ഷിതമായി വിടവാങ്ങിയ ആസിഫ് ബസ്‌റയുടെ രംഗങ്ങളും ഫാമിലി മാൻ2 ട്രെയിലറിന് കൂടുതൽ ശ്രദ്ധ നൽകുന്നു. ഒന്നാം സീസണിലെ പോലെ ട്വിസ്റ്റുകളും അപ്രതീക്ഷിത വഴിത്തിരിവുകളുമൊരുക്കി ഗംഭീര ത്രില്ലറായിരിക്കും ഫാമിലി മാൻ സീസൺ2 എന്നും ട്രെയിലർ സൂചിപ്പിക്കുന്നു.
രാജും ഡികെയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഫാമിലി മാൻ സീസൺ 2 ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂൺ നാലിന് ആമസോൺ പ്രൈമിൽ സംപ്രേഷണം ആരംഭിക്കും.