2022 ജൂൺ 15 ഇന്ത്യൻ ചലച്ചിത്രത്തിലെ നിർണായകമായ ഒരു സിനിമ പിറവിയെടുത്തതിന്‍റെ 20 വർഷങ്ങൾ അടയാളപ്പെടുത്തിയ ദിവസമായിരുന്നു. 2002ൽ മികച്ച വിദേശ ചിത്രമായി ഓസ്കറിന്‍റെ പടിവാതിൽക്കൽ വരെയെത്തിയ ലഗാൻ ഇക്കഴിഞ്ഞ ദിവസമാണ് റിലീസിന്‍റെ 20 വർഷങ്ങൾ ആഘോഷിച്ചത്.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള ഇന്ത്യയിലെ ഒരു കർഷക ഗ്രാമം... ബ്രിട്ടീഷുകാരുടെ നികുതിപ്പിരിവിനെ അവർ നേരിടുന്നത് വെള്ളക്കാരെ ക്രിക്കറ്റിൽ തോൽപിച്ചാണ്. അശുതോഷ് ഗോവാരിക്കറായിരുന്നു ചിത്രം സംവിധാനം ചെയ്‌തത്. ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന ലഗാൻ ടീമിന്‍റെ റീയൂണിയനാണ് ശ്രദ്ധേയമാകുന്നത്. സംഗീത മാന്ത്രികൻ എ.ആർ റഹ്മാനാണ് താനുൾപ്പെട്ട റീയൂണിയന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പുറത്തുവിട്ടത്.
വെർച്വലായി ലഗാൻ റീയൂണിയൻ
സിനിമയുടെ നായകൻ ആമിർ ഖാനൊപ്പം ചിത്രത്തിന്‍റെ സംവിധായകനും സംഗീതസംവിധായകൻ എ.ആർ റഹ്മാനും ബ്രിട്ടീഷ് നടൻ പോൾ ബ്ലാക്‌തോൺ, ഇംഗ്ലീഷ് നടി റേച്ചൽ ഷെല്ലി, സുഹാസിനി മുലയ്, പ്രദീപ് രാവത്, യഷ്പാൽ ശർമ, അഖിലേന്ദ്ര മിശ്ര എന്നിവരും വെർച്വൽ റീയൂണിയനിൽ പങ്കുചേർന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂം എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായാണ് പുനസംഗമം നടന്നത്.
ലഗാനിൽ ആമിർ ഖാന്‍റെ വില്ലനായി ബ്രിട്ടീഷ് കാപ്റ്റൻ റസ്സലിനെ അവതരിപ്പിച്ച താരമായിരുന്നു പോൾ ബ്ലാക്‌തോൺ. റസ്സലിന്‍റെ സഹോദരി എലിസബത്തിന്‍റെ വേഷമായിരുന്നു ബ്രിട്ടീഷ് നടി റേച്ചൽ ഷെല്ലിയുടേത്.
Also Read:സതീഷ് കൗശിക്കിന്‍റെ വിവാഹ വാഗ്‌ദാനം കണ്ണീരണിയിച്ചു: ആത്മകഥയിൽ നീന ഗുപ്‌ത വെളിപ്പെടുത്തുന്നു
ഇതിന് പുറമെ, സംവിധായകൻ അശുതോഷ് ഗോവാരിക്കറും ആമിർ ഖാന്‍റെ നായിക ഗൗരിയെ അവതരിപ്പിച്ച ഗ്രേസി സിംഗും ലഗാന്‍റെ ഓർമചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.