ഇന്ത്യന്‍ സിനിമയിലെ അതുല്യമായ സ്വരം. പിന്നണി ഗായകനായും സംഗീത സംവിധായകനായും ഗാനരചയിതാവായും നടനായും സംവിധായകനായും നിർമാതാവായും സിനിമക്ക് സമഗ്ര സംഭാവനകൾ നൽകിയ കിഷോര്‍ കുമാര്‍ കണ്മറഞ്ഞെങ്കിലും കലാകാരന്‍റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തെ സ്‌മരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ഗാനരചയിതാവ് ജാവേദ് അക്തർ, ലതാ മങ്കേഷ്‌കർ തുടങ്ങി നിരവധി പ്രമുഖർ.
ഇന്ത്യൻ സിനിമയിലെ അതുല്യകലാകാരൻ "അദ്ദേഹത്തിന്‍റെ സംഗീതത്തെ ഞാൻ എപ്പോഴും കൂടെ കൂട്ടാറുണ്ട്. അദ്ദേഹത്തിന്‍റെ ഗാനങ്ങൾ കാലാതീതമാണെന്ന് അനുഭവപ്പെടുന്നു. കിഷോർ ദായുടെ അതിശയകരമായ ശേഖരത്തിൽ നിന്ന് ഏറ്റവും പ്രിയങ്കരമായ ഒന്ന് തെരഞ്ഞെടുക്കാൻ പ്രയാസമാണ്," എന്നാണ് സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.
ഇന്നും പത്ത് ലക്ഷത്തിലധികം ആസ്വാദകർ കിഷോർ ദായെ മിസ് ചെയ്യുന്നുണ്ടെന്നും താനും അതിലൊരാളാണെന്നുമാണ് ജാവേദ് അക്തർ പറഞ്ഞത്. കിഷോർ ദാക്കൊപ്പം പാടിയ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് ലതാ മങ്കേഷ്‌കർ അദ്ദേഹത്തെ ആദരിച്ചത്. സംഗീതലോകത്ത് നിന്നും ബോളിവുഡിലെ പ്രമുഖ താരങ്ങളും കിഷോർ കുമാറിന്‍റെ ഓർമയിൽ അദ്ദേഹത്തിന്‍റെ മഹത്തരമായ സംഭാവനകളെ സ്‌മരിച്ചു.
2700 ഓളം ഗാനങ്ങൾ സമ്മാനിച്ച കലാകാരനായ കിഷോര്‍ കുമാർ 1929 ഓഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ഒരു ബംഗാളി കുടുംബത്തിലാണ് ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. സഹോദരൻ അശോക് കുമാറിന്‍റെ പാത പിന്തുടർന്ന് അഭിനയത്തിൽ തിളങ്ങിയും ഗാനങ്ങളുടെ കോറസ് പാടിയുമാണ് കിഷോര്‍ കുമാര്‍ സിനിമയിലേക്ക് സജീവമായത്. സ്വരശുദ്ധി കൊണ്ട് പിന്നീട് ആസ്വാദകനെ ആകർഷിക്കുന്ന ഗാനങ്ങൾ അദ്ദേഹത്തിന്‍റെ ശബ്‌ദത്തിൽ നിന്ന് പിറന്നിട്ടുണ്ട്.
ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലേ എന്നിവർ കിഷോർ കുമാറിനൊപ്പം
തുടർന്ന് രാജേഷ് ഖന്നയുടെ ഉൾപ്പടെ ഹിന്ദി ചലച്ചിത്രങ്ങളുടെ സ്ഥിരഗായകനായി അരങ്ങുവാണ കിഷോർ ദാ എന്നു സ്‌നേഹപൂർവം അറിയപ്പെടുന്ന കിഷോർ കുമാർ അയോധ്യ എന്ന മലയാള സിനിമയിലും ഗാനമാലപിച്ചു. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത, എന്നാൽ സംഗീത ലോകത്ത് ആഭേദ്യമായ സാന്നിധ്യം രേഖപ്പെടുത്തിയ കിഷോർ കുമാർ 1987ലാണ് ജീവിതത്തോട് വിട പറഞ്ഞത്.
ജാവേദ് അക്തർ കിഷോർ ദാക്കൊപ്പം