രാജ്യം മുഴുവൻ ഒരു ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കന്നഡ റോക്ക് സ്റ്റാർ യഷിന്‍റെ റോക്കി ഭായ്‌യും സഞ്ജയ് ദത്തിന്‍റെ അധീരയും നേർക്കുനേർ എത്തുന്ന കെജിഎഫിന്‍റെ രണ്ടാം വരവിനായി. കെജിഎഫ് ചാപ്റ്റര്‍ 2 ഈ വർഷം ജൂലൈ 16നാണ് തിയേറ്ററുകളിലെ ഗ്രാൻഡ് റിലീസ് വഴി പ്രേക്ഷകരിലേക്കെത്തുക. കഴിഞ്ഞ വർഷം അവസാനത്തോടെ കെജിഎഫ് ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്‌തു.
ഷൂട്ടിങ്ങ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ബ്രഹ്മാണ്ഡ ചിത്രത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളും തമ്മിൽ വീണ്ടും കണ്ടുമുട്ടുകയാണ്. "മികച്ച തുടക്കത്തോടെ... അവസാനമില്ലാത്ത യാത്ര," എന്ന് കുറിച്ചുകൊണ്ടാണ് പ്രശാന്ത് നീൽ സമൂഹമാധ്യമങ്ങളിലൂടെ റീയൂണിയൻ ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമയിലെ ഏതാണ്ട് 40 ഓളം അംഗങ്ങൾ ചിത്രത്തിലുണ്ട്. കെജിഎഫ് നായകൻ യഷിന്‍റെ ഭാര്യ രാധിക പണ്ഡിറ്റിനെയും കെജിഎഫ് ഫാമിലിക്കൊപ്പം കാണാം.