സൂര്യവർദ്ധൻ സ്വർണഖനി കണ്ടെത്തിയതിന് ശേഷം അവിടം ഒരു നരകമായി. അയാളുടെ ആർത്തി അയാളെ ഒരു അസുരനാക്കി. ബലപ്രയോഗത്തിലൂടെ പണിക്കാരെ കഠിനപണി ചെയ്യിപ്പിച്ചു, അവരെ അടിമകളാക്കി. ഓരോ പെൺകുരുന്നും കൊല ചെയ്യപ്പെട്ടു. പ്രശാന്ത് നീൽ പറഞ്ഞ കോലര്‍ സ്വര്‍ണഖനിയുടെ കഥ കന്നഡയും കടന്ന് ഇന്ത്യയുടെ മറ്റ് ഭാഷകൾ കൂടി ഏറ്റെടുത്തപ്പോൾ കെജിഎഫ് തിയേറ്ററുകളിൽ വൻഹിറ്റായി മാറി.
സൂര്യവര്‍ധന്‍റെ മകനായ ഗരുഡയെ കീഴ്‌പ്പെടുത്തുന്ന കഥ ആദ്യഭാഗത്തിൽ അവസാനിച്ചിരുന്നു. ഇനി സഞ്ജയ് ദത്തിന്‍റെ അധീരയുമായി റോക്ക്സ്റ്റാർ യഷിന്‍റെ റോക്കി ഭായ് ഏറ്റുമുട്ടുന്നതാണ് രണ്ടാം പതിപ്പിൽ ഒരുങ്ങുന്നത്. നാളെ കെജിഎഫ്; ചാപ്‌റ്റർ 2വിന്‍റെ ടീസർ പുറത്തുവരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
കെജിഎഫ് ടീം പുറത്തുവിടുന്ന പുതിയ പോസ്റ്ററുകൾ കൗതുകമുണർത്തുന്നവയാണ്. ആദ്യ ഭാഗത്തിന്‍റെ കഥ മുഴുവൻ പത്രക്കുറിപ്പുകളിലൂടെ അവതരിപ്പിച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്‌ത പോസ്റ്ററുകൾ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ കെജിഎഫ് ചാപ്‌റ്റർ2വിന്‍റെ കഥയും അവതരണവും എങ്ങനെയാകുമെന്ന തരത്തിലാണ് പത്രവാർത്തയുടെ ഡിസൈനിൽ അടുത്ത പോസ്റ്ററുകളും ഒരുക്കിയിട്ടുള്ളത്.
"കെജിഎഫ് യുഗത്തിലൂടെ പുനർജീവിക്കുമ്പോൾ..." എന്ന കാപ്ഷനിലാണ് സംവിധായകൻ പ്രശാന്ത് നീൽ കന്നഡയിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഇംഗ്ലീഷിലുമായുള്ള പോസ്റ്ററുകൾ പുറത്തുവിട്ടത്. ഒപ്പം രണ്ടാം ഭാഗത്തിലെ കഥാപാത്രങ്ങളെയും പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഹൊംബാലെ ഫിലിംസാണ് കെജിഎഫ് ചാപ്‌റ്റർ2വിന്‍റെ നിർമാതാക്കൾ.