കാത്തിരുന്ന ആ പ്രഖ്യാപനമെത്തി. ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2' ടീസറിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. അടുത്ത മാസം എട്ടാം തിയതി രാവിലെ 10.18ന് ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കുമെന്നാണ് നിർമാതാക്കളും സംവിധായകനും അറിയിച്ചത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെജിഎഫിന്‍റെ രണ്ടാം പതിപ്പിൽ റോക്കി ഭായിയായി യഷ് വീണ്ടുമെത്തുമ്പോൾ പ്രതിനായകൻ അധീരയാകുന്നത് ബോളിവുഡ് നടൻ സഞ്ജയ് ദത്താണ്. ഈ വർഷം ഏപ്രിലിൽ സിനിമ റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ശേഷം ഒക്‌ടോബർ 23ലേക്കും കെജിഎഫ്2വിന്‍റെ പ്രദർശനം നീട്ടിയിരുന്നു. എന്നാൽ, കൊവിഡിൽ ചലച്ചിത്ര നിർമാണമേഖലയും പ്രദർശനശാലകളും സ്‌തംഭിച്ചതോടെ സിനിമ 2020ന് നഷ്‌ടമായി.
കെജിഎഫിന്‍റെ പുതിയ പതിപ്പിൽ നിന്നുള്ള യഷിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ടീസറിന്‍റെ വരവിനെ കുറിച്ച് പ്രഖ്യാപിച്ചത്. കന്നഡക്ക് പുറമെ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിക്കുന്നത് തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസാണ്.
അതേ സമയം, ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായെന്ന് ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം സംവിധായകൻ അറിയിച്ചിരുന്നു. ഹൈദരാബാദിലെ അവസാനത്തെ ഷെഡ്യൂളും അവസാനിച്ചെന്നും ആരോഗ്യം വീണ്ടെടുത്ത് ചിത്രീകരണത്തിലേക്ക് മടങ്ങി വന്ന സഞ്ജയ് ദത്ത് യഥാർഥ പോരാളിയാണെന്നും പ്രശാന്ത് നീൽ പരാമർശിച്ചു. യഷും ദത്തും ഒരുമിച്ച് പ്രവർത്തിച്ചത് അങ്ങേയറ്റം സുഖകരമായിരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.