ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരസാന്നിധ്യമായിരുന്നു നടി ശ്രീദേവി. വേറിട്ട അഭിനയശൈലികൊണ്ട് ബോളിവുഡിലും തെന്നിന്ത്യൻ ചലച്ചിത്രലോകത്തും തന്‍റെതായ വ്യക്തമുദ്ര പതിപ്പിച്ച താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം ആരാധകർക്ക് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടയില്‍ മലയാളമുൾപ്പടെ വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ ഇന്ത്യന്‍ സിനിമയുടെ ലേഡിസൂപ്പര്‍ സ്റ്റാറായിരുന്ന ശ്രീദേവി വേഷമിട്ടിട്ടുണ്ട്.
താരറാണിയുടെ ജീവിതകഥ പറയുന്ന പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങി കരൺ ജോഹർ - Karan Johar
ശ്രീദേവി-ദി എറ്റേണൽ സ്ക്രീൻ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം രചിച്ചിരിക്കുന്നത് തിരക്കഥകൃത്ത് സത്യാര്‍ഥ് നായക്കാണ്
ഇപ്പോഴിതാ ശ്രീദവിയുടെ ജീവിത കഥ പറയുന്ന പുസ്തകം പുറത്തെത്തുകയാണ്. കരൺ ജോഹറാണ് പുസ്തകത്തിന് പിന്നിൽ. ശ്രീദേവി-ദി എറ്റേണൽ സ്ക്രീൻ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം രചിച്ചിരിക്കുന്നത് തിരക്കഥകൃത്ത് സത്യാര്‍ഥ് നായക്കാണ്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകർ. എന്‍റെ എല്ലാക്കാലത്തേയും പ്രിയപ്പെട്ട നടി. അവരുടെ സ്ഥാനത്തേക്ക് മറ്റാരേയും പകരം വെക്കാന്‍ സാധിക്കുകയില്ല. അതിശയമായ അവരുടെ സിനിമ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമാണ് ഈ പുസ്തകത്തിൽ പറയുന്നത് പുസ്തത്തെ കുറിച്ച് കരൺ ജോഹർ ട്വീറ്ററിൽ കുറിച്ചു. ശ്രീദേവിയുടെ ജീവിതകഥ പറയുന്ന പുസ്തകം എഴുതാനുളള കാരണത്തെ കുറച്ച് തിരക്കഥകൃത്ത് സത്യാർഥും വെളിപ്പെടുത്തിയിട്ടുണ്ട്. താൻ ശ്രീദേവിയുടെ വലിയ ആരാധകനാണ്. അവരുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായിട്ടാണ് ഈ പുസ്തകത്തെ കാണുന്നത്. ശ്രീദേവിയുടെ സഹപ്രവർത്തകരോട് സംസാരിച്ചു. ബാലതാരമായി സിനിമയിൽ എത്തി ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായി വളർന്ന യാത്രയാണ് പുസ്തകത്തിൽ പ്രതിബാധിക്കുന്നതെന്ന് സത്യാർഥ് പറഞ്ഞു. ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമാതാവുമായ ബോണി കപൂറിന്‍റെ അനുവാദത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും സത്യാർഥ് കൂട്ടിച്ചേർത്തു.
2018 ഫെബ്രുവരി 24നായിരുന്നു ദുബായിലെ ഒരു ഹോട്ടൽ മുറിയിലെ ബാത്ടബില്‍ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ, കൃത്യമായ മരണകാരണം ഇന്നും വ്യക്തമല്ല.