ഹൈദരാബാദ്:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് 'തലൈവി'യുടെ ട്രെയിലർ മാർച്ച് 23ന് ചെന്നൈയിലും മുംബൈയിലുമായി പുറത്തുവിടും. തലൈവിയെ സ്‌ക്രീനിൽ അവതരിപ്പിക്കുന്നന നടി കങ്കണ റണൗട്ടിന്‍റെ ജന്മദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എന്നാൽ വിപുലമായ രീതിയിൽ ട്രെയിലർ ലോഞ്ച് ചെയ്യാനാണ് നിർമാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്.
ചെന്നൈയിലും മുംബൈയിലും ട്രെയിലർ ലോഞ്ച്; തലൈവിയിലെ ചിത്രങ്ങൾ പുറത്തുവിട്ട് കങ്കണ - തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത സിനിമ വാർത്ത
അടുത്ത മാസം 23നാണ് ചിത്രത്തിന്‍റെ റിലീസ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊരുക്കുന്ന തലൈവിയുടെ ട്രെയിലർ ലോഞ്ച് നാളെ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി നടക്കും.
ട്രെയിലർ പുറത്തുവിടുന്ന ആവേശം പങ്കുവെക്കുന്നതിനൊപ്പം, സിനിമയിൽ നിന്നുള്ള തലൈവി ലുക്കുകളും കങ്കണ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിനിമയ്ക്കായി 20 കിലോ ശരീരഭാരം വർധിപ്പിച്ചുവെന്നും കുറച്ച് മാസങ്ങൾക്കുള്ളിൽ വീണ്ടും ശരീരഭാരം കുറക്കേണ്ടി വന്നുവെന്നും കങ്കണ ട്വിറ്ററിൽ എഴുതി. ഇതിഹാസ ബയോപിക്കിനായി ശരീരഭാരത്തിൽ മാറ്റം വരുത്തിയത് മാത്രമല്ല താൻ നേരിട്ട വെല്ലുവിളിയെന്ന് കങ്കണ ട്വീറ്റിൽ പരാമർശിച്ചു. ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷം തലൈവിയിലെ ട്രെയിലർ പുറത്തിറങ്ങുന്നതിലെ സന്തോഷവും ബോളിവുഡ് താരം ആരാധകരുമായി പങ്കുവെച്ചു.
തമിഴിലും ഹിന്ദിയിലും തെലുങ്കിലുമാണ് തലൈവി ചിത്രം റിലീസിനൊരുങ്ങുന്നത്. ജയലളിതയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായകൻ എ.എല്‍ വിജയ്‌യാണ്. അരവിന്ദ് സ്വാമി എംജിആറായി എത്തുന്ന ബയോപിക് ചിത്രം അടുത്ത മാസം 23ന് തിയേറ്ററുകളിലെത്തും.