സിനിമയില്‍ മുന്‍നിര നായകനാകുന്നതിന് താന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടുവെന്ന് പറഞ്ഞ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ വിമർശിച്ച് നടി കങ്കണ റണാവത്തിന്‍റെ സഹോദരി. ഒരു ഗോഡ്‌ഫാദറും സിനിമാ പശ്ചാത്തലവുമില്ലാതെയാണ് താൻ ബോളിവുഡിലെത്തിയതെന്ന് പറഞ്ഞ രൺവീറിനെ പരിഹസിച്ചാണ് രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
"പണമുള്ളവരുടെ മക്കളായ, എല്ലാവിധ ബന്ധങ്ങളും അവസരങ്ങളും ഉള്ളവരല്ല പുറത്ത് നിന്ന് വന്നവർ. നമ്മുടെ രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ നിന്നും വരുന്ന, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത, വസ്ത്രം വാങ്ങാന്‍ പോലും കഴിവില്ലാത്തവര്‍ സിനിമാലോകത്ത് എത്തുമ്പോള്‍ കഷ്‌ടപ്പെടുകയാണ്." അവരാണ് ശരിക്കും പ്രതിസന്ധികളെ തരണം ചെയ്‌തെത്തുന്നവരെന്ന് രംഗോലി ട്വീറ്റ് ചെയ്‌തു. ബോളിവുഡ് താരം അനില്‍ കപൂറിനൊപ്പം രണ്‍ബീര്‍ കപൂറും സോനം കപൂറും രണ്‍വീര്‍ സിംഗും നിൽക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോയും രംഗോലി പങ്കുവെച്ചിട്ടുണ്ട്. "സിനിമാ ലോകത്തിന് പുറത്ത് നിന്നും വന്ന രണ്‍വീര്‍ സിംഗിനെയും അദ്ദേഹത്തിന്‍റെ കഷ്‌ടപ്പാടുകളെയും നോക്കൂ. ഈ പാവപ്പെട്ട ചെക്കൻ അവന്‍റെ കുട്ടിക്കാലത്ത് ധാരാവിയിലെ ചേരി പ്രദേശത്തുള്ള കുട്ടികളായ രണ്‍ബീറിനും സോനം കപൂറിനുമൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുകയാണ്." അനില്‍ കപൂറിന്‍റെ അടുത്ത ബന്ധുവായ രണ്‍വീറിന്‍റെ കുടുംബ പശ്ചാത്തലം ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ നിന്നും വ്യക്തമാണ്. എന്നാൽ, ഇതാണോ രണ്‍വീര്‍ സിംഗ് പറയുന്ന പോരാട്ടമെന്ന് ചോദിച്ച രംഗോലിയെ എതിർത്തുകൊണ്ട് ചിലർ ട്വീറ്റിന് മറുപടി നൽകിയിരിക്കുന്നത്, ഈ പോസ്റ്റിലൂടെ തന്‍റെ സഹോദരി കങ്കണ യഥാര്‍ഥ പോരാട്ടം നടത്തിയാണ് അഭിനയത്തിലേക്ക് വന്നതെന്ന് പറയാതെ പറയുകയാണെന്നാണ്. അതേ സമയം, മറ്റ് ചിലർ കമന്‍റ് ചെയ്‌തിരിക്കുന്നത് രംഗോലി വിശദീകരിച്ചത് പോലെ രണ്‍വീര്‍ സിംഗ് സിനിമയിലെ സ്വജനപക്ഷപാതത്തിന്‍റെ ഉല്‍പ്പന്നമാണെന്നും അദ്ദേഹത്തിന്‍റെ സിനിമക്ക് വേണ്ടി അച്ഛൻ 10കോടിയോളം പണം ചിലവഴിച്ചിട്ടുണ്ടെന്നുമാണ്.