തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയുടെ ബയോപിക്കിന് ശേഷം ഐതിഹ്യ ചിത്രവുമായി എത്തുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. മഹാകാവ്യത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'ദി ഇൻകാർണേഷൻ- സീത' എന്ന പിരിയഡ് ഡ്രാമയാണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. അലൗകിക് ദേശായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സീതയായാണ് കങ്കണ വേഷമിടുന്നത്.
തലൈവി എന്ന ബഹുഭാഷ ചിത്രത്തിന് തിരക്കഥ എഴുതിയ കെ.വി വിജയേന്ദ്ര പ്രസാദാണ് സീതയുടെ തിരക്കഥ ഒരുക്കുന്നത്. സംവിധായകൻ അലൗകിക് ദേശായിയും ചിത്രത്തിന്‍റെ രചനയിൽ പങ്കാളിയാകുന്നു. ധീരയും വീഴ്‌ചകളിൽ തളരാത്തവളുമായ ഇന്ത്യൻ വനിതയുടെ പ്രതീകത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിനായി കങ്കണയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം നിർമാതാവ് സലോണി ശർമ പറഞ്ഞത്.