മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. രാജ് ഭവനില്‍ സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ എത്തിയ കങ്കണയും സഹോദരിയും 45 മിനിറ്റോളം ഗവര്‍ണറുമായി സംസാരിച്ചു. തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്നും താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു മകളെ കേള്‍ക്കും പോലെയാണ് അദ്ദേഹം ശ്രവിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
'മകളെ കേള്‍ക്കും പോലെ അദ്ദേഹം എന്‍റെ വാക്കുകള്‍ കേട്ടു'നീതി ലഭിക്കും, മഹാരാഷ്ട്ര ഗവര്‍ണറെ സന്ദര്‍ശിച്ച് കങ്കണ റണൗട്ട്
രാജ് ഭവനില്‍ സഹോദരി രംഗോലിക്കൊപ്പം എത്തിയാണ് കങ്കണ റണൗട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയത്.
രാജ്ഭവന്‍റെ പിന്‍ഭാഗത്തുള്ള കവാടം വഴിയാണ് കങ്കണ എത്തിയത്. കങ്കണയുടെ ഓഫീസ് മുംബൈ കോര്‍പറേഷന്‍ ഭാഗികമായി പൊളിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. തനിക്ക് നേരിടേണ്ടിവന്ന നീതികേടിനെ കുറിച്ച് ഗവര്‍ണറോട് സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ പറഞ്ഞു. മുംബൈയെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മുംബൈ പാക് അധീന കശ്മീരിന് തുല്യമാണെന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ ബംഗ്ലാവിനോട് ചേര്‍ന്ന ഓഫീസ് നിയമവിരുദ്ധമായി നിര്‍മിച്ചുവെന്ന് കാണിച്ചാണ് ബിഎംസി ഓഫീസ് കെട്ടിടം പൊളിച്ചത്. പ്രതിഷേധവും ആരോപണങ്ങളും ശക്തിപ്പെടവെയാണ് കങ്കണയും സഹോദരി രംഗോലിയും ഇന്ന് ഗവര്‍ണറെ കണ്ടത്. കങ്കണ ഉടന്‍ തന്നെ ഹിമാചലിലേക്ക് മടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.