മുംബൈ:ബോളിവുഡ് നടി കങ്കണ റണൗട്ട് ചലച്ചിത്ര നിർമാതാവായി അരങ്ങേറ്റം കുറിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് താരം നിർമാതാവാകുന്നത്. കങ്കണയുടെ ചലച്ചിത്ര നിർമാണ കമ്പനിയുടെ പേര് മണികർണിക ഫിലിംസ് എന്നാണ്. നിർമാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ടുകൊണ്ട് ബോളിവുഡ് താരം സിനിമയിലെ തന്‍റെ പുതിയ ചുവട്‌വയ്‌പ്പിനെ കുറിച്ച് ആരാധകരെ അറിയിച്ചു.
പ്രണയ- ആക്ഷേപഹാസ്യമാക്കി ഒരുക്കുന്ന ടികു വെഡ്സ് ഷെരു എന്ന ചിത്രമാണ് നടിയുടെ ആദ്യ ചിത്രം. ഒരു ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിൽ ഗർജിക്കുന്ന കടുവയും തീജ്വാലയുമാണ് ലോഗോയിൽ അവതരിപ്പിച്ചിരിക്കുന്നത്. "ടികു വെഡ്സ് ഷെരു ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനൊപ്പം മണികർണിക ഫിലിംസിന്‍റെ ലോഗോയും പരിചയപ്പെടുത്തുന്നു. എല്ലാവരുടെയും അനുഗ്രഹം വേണം," എന്ന് കങ്കണ റണൗട്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.