'ഒരു സ്‌ത്രീക്ക് അവളുടെ കഴിവും കഠിന പരിശ്രമവും കൊണ്ട് ഏതൊരു പ്രയാസമുള്ള പാതയിലൂടെയും സഞ്ചരിക്കാനും അവരുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും സാധിക്കും'. പ്രശസ്‌ത കവിയും ഗാനരചയിതാവുമായ കൈഫി അസ്മിയുടെ 'ഔരത്' എന്ന കവിതയിൽ നിന്നുള്ള വരികളാണിത്.... ഇതിനെ അർഥവത്താക്കുന്നതാണ് ബോളിവുഡ് 'ക്വീൻ' കങ്കണ റണാവത്തിന്‍റെ ജീവിതം. അഭിനേതാവിന് പുറമെ വ്യക്തി എന്ന നിലയിലും അവർ ഒരു പ്രചോദനമാണ്. വിവാദങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും പ്രശസ്‌തിയിലൂടെയും കടന്നുപോയ അവരുടെ ജീവിതം അത് വ്യക്തമാക്കുന്നുണ്ട്.
സിനിമ പശ്ചാത്തലത്തിൽ നിന്നല്ലാതെ ബോളിവുഡിലെത്തിയ കങ്കണ തന്‍റെ സമകാലീന നടിമാർക്കൊന്നും ലഭിക്കാത്ത രാജ്യത്തിന്‍റെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ സ്വന്തമാക്കി. ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കങ്കണാ റണാവത്ത് ജനിച്ചത്. കുട്ടിക്കാലം മുതൽ സ്വതന്ത്രമായ കാഴ്‌ചപ്പാടുകൾ ഉണ്ടായിരുന്ന പെൺകുട്ടി ഇടുങ്ങിയ ചുറ്റുപാടുകളിൽ നിന്നും അവളുടെ പതിനാറാം വയസിൽ ഡൽഹിയിലേക്ക് താമസം മാറ്റി. അവിടെ പാർട് ടൈം ജോലിയായി മോഡലിങ്ങും പിന്നീട് അരവിന്ദ് ഗെയർ എന്ന സംവിധായകന്‍റെ തിയേറ്റർ വർക്കഷോപ്പുകളിൽ പങ്കെടുത്ത് അഭിനയ പരിശീലനവും നടത്തി. നിരവധി സിനിമകളുടെ ഓഡീഷനിൽ കങ്കണ പങ്കെടുത്തിരുന്നു.
2006ൽ പുറത്തിറക്കിയ ഗാങ്‌സ്റ്ററാണ് കങ്കണക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. ചിത്രം ഹിറ്റായതോടെ സിമ്രാൻ, തനു വെഡ്‌സ് മനു, വികാസ് ബഹ്‌ലിന്‍റെ ക്വീൻ എന്നിങ്ങനെ അഭിനയ പ്രാധാന്യമുള്ള കുറേ ചിത്രങ്ങളിലൂടെ താരം ഉയര്‍ന്നു. 2011ൽ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ കങ്കണ എത്തിയത് തികച്ചും വേറിട്ട സ്വഭാവമുള്ള രണ്ട് പെൺകുട്ടികളായാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ആരാധകരുടെ മനസിലും ബോക്സ് ഓഫീസിലും ഹിറ്റായി മാറി താരം. മണികർണികയും കൃഷും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.