സോനു സൂദ് ഒരു വഞ്ചകനാണെന്ന് ആരോപിക്കുന്ന ട്വീറ്റ് ശരിവച്ച് നടി കങ്കണ റണൗട്ട്. ഓക്സിജൻ സാന്ദ്രീകരണ യന്ത്രങ്ങളുടെ ഉപയോഗത്തെ കുറിച്ച് പറയുന്ന ഒരു ട്വീറ്റ് ബോളിവുഡ് നടൻ സോനു സൂദ് പങ്കുവച്ചിരുന്നു. ഇതിനെതിര ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തപ്പോൾ നടി കങ്കണ അതിന് ലൈക്ക് ചെയ്തുകൊണ്ട് അനുകൂലിക്കുകയായിരുന്നു.
സോനു സൂദ് ഒരു ചതിയനാണെന്നും ഇത്തരമൊരു ദുരന്തമുഖത്തിൽ അയാൾ പണം സമ്പാദിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ട്വിറ്റർ ഉപയോക്താവ് പറഞ്ഞത്. "ഓക്സിജൻ കോൺസെൻട്രേറ്ററിന് ശരിക്കും ഒരു ലക്ഷം രൂപയാണ് വില. രണ്ട് ലക്ഷം രൂപ എന്ന് പറഞ്ഞ് ഈ പ്രതിസന്ധി ഘട്ടത്തിൽ അയാൾ ചതിക്കുകയാണ്." കങ്കണ ഉൾപ്പെടെ 2,700 ൽ അധികം ആളുകൾ ട്വീറ്റിന് ലൈക്ക് ചെയ്യുകയും 800 ഓളം ആളുകൾ നിമിഷനേരം കൊണ്ട് ട്വീറ്റ് പങ്കുവക്കുകയും ചെയ്തു. ഓക്സിജൻ സാന്ദ്രീകരണ യന്ത്രം നിർമിക്കുന്ന കമ്പനിയെ പ്രശസ്തമാക്കാനാണ് സോനു ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.
എന്നാൽ, ഈ മെഡിക്കൽ ഉപകരണങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും ആളുകളെ ബോധവൽകരിക്കുന്നതിനാണ് താരത്തിന്‍റെ സഹായം പ്രയോജനപ്പെടുത്തിയതെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.