സ്ലം സോക്കർ എൻജിഒ സ്ഥാപകൻ വിജയ് ബാർസെയുടെ ജീവിതം തിരശ്ശീലയിൽ അവതരിപ്പിക്കുന്നത് ബിഗ് ബിയാണ്. ഫുട്‌ബോൾ പശ്ചാത്തലത്തിലൊരുക്കുന്ന ഝൂണ്ഡ് ചിത്രത്തിന്‍റെ പ്രഖ്യാപനവും ടീസറുമെല്ലാം പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയും നൽകുന്നുണ്ട്. മറാഠി സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ നാഗരാജ് മഞ്ജുലെയാണ് അമിതാഭ് ബച്ചനെ നായകനാക്കി ബയോപിക് ചിത്രമൊരുക്കുന്നത്. നേരത്തെ മെയ് എട്ടിന് റിലീസ് നിശ്ചയിച്ചിരുന്ന ഝൂണ്ഡ് കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീട്ടിയിരുന്നു. എന്നാൽ, തിയേറ്ററുകൾ വീണ്ടും സിനിമാ റിലീസിലൂടെ സജീവമാകുന്ന സാഹചര്യത്തിൽ ഈ വർഷം ജൂൺ 18ന് ഝൂണ്ഡ് പ്രദർശനത്തിനെത്തും.
ഇന്ത്യയിലേക്ക് പ്രഥമ ക്രിക്കറ്റ് ലോകകപ്പ് എത്തിച്ച കപിൽ ദേവിനെ രൺവീർ സിംഗിലൂടെ വെള്ളിത്തിരയിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ക്രിക്കറ്റ് പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന 83 എന്ന ടൈറ്റിലിലൊരുങ്ങുന്ന ബോളിവുഡ് ചിത്രം ജൂൺ നാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.