മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ ഇൻഡോർ ചിത്രീകരണവും മറ്റ് സ്റ്റുഡിയോ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നത് കൂടുതൽ അപകടകരമാണെന്ന് ബോളിവുഡ് സംവിധായകൻ ശേഖർ കപൂർ. ഹിന്ദി സിനിമാ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് സിനിമാ ചിത്രീകരണ പ്രവർത്തനങ്ങളില്‍ സംവിധായകൻ ആശങ്ക പ്രകടിപ്പിച്ചത്.
ഇൻഡോറിലെയും സ്റ്റുഡിയോകളിലെയും ചിത്രീകരണങ്ങൾ അപകടകരമെന്ന് ശേഖർ കപൂർ - shooting hindi films
കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തറിയിച്ച താരങ്ങളെയും സംവിധായകൻ ശേഖർ കപൂർ പ്രശംസിച്ചു.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഉൾപ്പെടുന്ന താരങ്ങൾ തങ്ങൾക്ക് കൊവിഡ് പോസിറ്റീവായ വാർത്ത പുറത്തുവിട്ടതിൽ അദ്ദേഹം പ്രശംസയും അറിയിച്ചിട്ടുമുണ്ട്. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചാലും അത് മറ്റുള്ളവരിൽ നിന്ന് മറച്ചുവക്കുന്ന ആളുകളിൽ നിന്നും വ്യത്യസ്‌തമായി താരങ്ങൾ കാട്ടിയ ധൈര്യത്തിനെ അഭിനന്ദിക്കുന്നതായും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ശേഖർ കപൂർ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുംബൈയിലെ ഒരു ഡബ്ബിംഗ് സ്റ്റുഡിയോയിൽ അഭിഷേക് ബച്ചൻ എത്തിയിരുന്നു. ബ്രീത്ത്: ഇന്‍ ടു ദി ഷാഡോസ് എന്ന വെബ് സീരീസിന്‍റെ റെക്കോർഡിങ്ങിന് വേണ്ടി അഭിഷേകിനൊപ്പം സഹതാരം അമിത് സാധും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ, അമിത് സാധിന്‍റെ കൊവിഡ് പരിശോധന നെഗറ്റീവെന്നാണ് കണ്ടെത്തിയത്. അനുപം ഖേറിന്‍റെ കുടുംബാംഗങ്ങൾക്കും സാറാ അലി ഖാന്‍റെ ഡ്രൈവറിനും നടി രേഖയുടെ വീട്ടിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതും ഇനിയുള്ള സിനിമാ ചിത്രീകരണത്തിനെ ബാധിക്കുന്നുണ്ട്.