ഇസ്രായേല്‍- പലസ്‌തീന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതിനോടകം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇപ്പോള്‍ ഇസ്രായേലിനെ പിന്തുണച്ച് കങ്കണയും പലസ്തീനെ പിന്തുണച്ച് സ്വര ഭാസ്‌കറും സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ആനന്ദ് രങ്കനാഥന്‍റെ ട്വീറ്റാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് വേണ്ട സമയത്ത് ഇന്ത്യക്ക് വേണ്ടി ഇസ്രയേല്‍ ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നൊക്കെയാണ് ട്വീറ്റില്‍ കങ്കണ പറയുന്നത്. കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് വേണ്ടി മെഡിക്കല്‍ സംവിധാനങ്ങള്‍ എത്തിക്കാനും ഇസ്രയേല്‍ ഒപ്പം നിന്നിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. 'ഇന്ത്യ ഇസ്രയേലിനൊപ്പം.... വേണ്ട സമയത്ത് സഹായിച്ച ഇസ്രയേലിന് നന്ദി' എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം പലസ്തീന് എതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനമാണ് സ്വര ഭാസ്‌കര്‍ ഉയര്‍ത്തിയത്. ഇന്ത്യയിലെ വലതുപക്ഷത്തിന്‍റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നായിരുന്നു സ്വര കുറ്റപ്പെടുത്തിയത്. അതിന്‍റെ അര്‍ഥം ഇസ്രയേല്‍ ഏറ്റവും വലിയ തെറ്റാണ് ചെയ്യുന്നതെന്നും നടി ട്വീറ്റ് ചെയ്‌തു. 'പ്രിയപ്പെട്ട ഇസ്രായേല്‍... ഇന്ത്യയിലെ വലതുപക്ഷം അവരുടെ പിന്തുണ നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക ഏറ്റവും ഹീനമായ കുറ്റമാണ് ചെയ്യുന്നത്' സ്വര ഭാസ്‌കര്‍ കുറിച്ചു പാലസ്തീനെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗോടെയാണ് സ്വര ട്വീറ്റ് പങ്കുവച്ചത്.