വൻകുടലിലെ അണുബാധയെ തുടർന്ന് നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുവെന്ന് അറിഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹം മരിച്ചുവെന്ന തരത്തിലും സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഇത് നിഷേധിച്ച് താരത്തിന്‍റെ വക്താവ് ഇന്ന് രാവിലെ പ്രതികരണം അറിയിച്ചപ്പോൾ ആരാധകരും ആശ്വാസത്തിലായി. എന്നാൽ, പ്രാർത്ഥനയും പ്രതീക്ഷയും വിഫലമാക്കി ബോളിവുഡിന്‍റെ പ്രിയതാരം വിടവാങ്ങിയതോടെ അത് സിനിമാലോകത്തിന് തീരാ നഷ്‌ടമായി മാറി. അകാലത്തിൽ പൊലിഞ്ഞ അഭിനയവിസ്‌മയത്തിന് അനുശോചനം രേഖപ്പെടുത്തി സിനിമാരംഗത്തുള്ളവരും കലാ- കായിക മേഖലയിലുള്ളവരും രാഷ്‌ട്രീയ നേതാക്കളും എത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സച്ചിൻ തെണ്ടുൽക്കർ, സിനിമാ രംഗത്ത് നിന്നും അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, മോഹൻലാൽ, പൃഥിരാജ്, കമൽ ഹാസൻ, മമ്മൂട്ടി തുടങ്ങി നിരവധി പേരാണ് സമൂഹമാധ്യമങ്ങൾ വഴി താരത്തിന് അനുശോചനം അറിയിച്ചത്.
"നീണ്ട പരിശ്രമത്തിലും സമർപ്പണത്തിലൂടെയും വൈവിധ്യങ്ങൾ നിറഞ്ഞ നടനായി മാറി ഇർഫാൻ ഖാൻ. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി," കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ കുറിച്ചു.
"ഇർഫാൻ ഖാന്‍റെ മരണവിവരം ദുഃഖത്തോടെയാണ് അറിഞ്ഞത്. പ്രാഗൽഭ്യവും കഴിവുമുള്ള നടനായ അദ്ദേഹം ആഗോള ചലച്ചിത്ര-ടിവി വേദിയിലെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്‍റെ അനുശോചനം," കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ രേഖപ്പെടുത്തി.
"ഇക്കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാന്‍റെ മരണവിവരം ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്‍റെ സംഭാവനകൾ എക്കാലത്തും ഓർമിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്‍റെ ആത്മാവ് ശാന്തിയോടെ വിശ്രമിക്കട്ടെ," ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എഴുതി.
"ഇത് ഏറ്റവും അസ്വസ്ഥവും സങ്കടകരവുമായ വാർത്തയാണ്. അവിശ്വസനീയമായ കഴിവ്, മികച്ച ഒരു സഹപ്രവർത്തകൻ, സിനിമാ ലോകത്ത് സമൃദ്ധമായി സംഭാവന നൽകിയ വ്യക്തി... ഞങ്ങളിൽ നിന്നും വളരെ വേഗം വിട്ടുപോയിരിക്കുന്നു. ഇത് വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. പ്രാർത്ഥനകൾ," അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്‌തു.
"ഇർഫാൻ ഖാൻ അന്തരിച്ചെന്ന വാർത്ത കേട്ടതിൽ സങ്കടമുണ്ട്. എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാൾ. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. ആംഗ്രെസി മീഡിയം ആയിരുന്നു അവസാനത്തേത്. അഭിനയം എന്നത് അദ്ദേഹത്തിന് അനായാസമായിരുന്നു. അതിഗംഭീര നടൻ. അദ്ദേഹത്തിന്‍റെ ആത്മാവ് സമാധാനത്തോടെ കഴിയട്ടെ," ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അനുശോചന കുറിപ്പിൽ എഴുതി.
"നിങ്ങൾ ചെയ്‌ത എല്ലാ കാര്യങ്ങളിലും നിങ്ങൾ നൽകുന്ന ഊർജം ശരിക്കും അതിശയപ്പെടുത്തി. നിങ്ങളുടെ കഴിവുകൾ നിരവധി പേർക്ക് വഴിയൊരുക്കി. നിങ്ങൾ ഞങ്ങൾ പലർക്കും പ്രചോദനമായി മാറി. ഞങ്ങളുടെ മനസുകളിൽ തീരാ നഷ്ടം തന്നെയാണിത്. കുടുംബത്തിന് അനുശോചനം," പ്രിയങ്ക ചോപ്ര കുറിച്ചു.
"നമ്മുടെ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. ഇർഫാൻ ഖാന്‍റെ മരണ വാർത്ത അറിഞ്ഞതിൽ സങ്കടമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദൈവം അദ്ദേഹത്തിന്‍റെ കുടുംബത്തിന് ശക്തി പകരട്ടെ,"അക്ഷയ് കുമാർ പറഞ്ഞു.