ന്യൂഡൽഹി: അനിൽ കപൂർ, അനുരാഗ് കശ്യപ് എന്നിവർ കേന്ദ്ര വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്‌സ് ചിത്രം 'എകെ വേഴ്‌സസ് എകെ'ക്ക് എതിരെ ഇന്ത്യൻ വ്യോമസേന രംഗത്ത്. ചിത്രത്തിൽ വ്യോമസേന ഉദ്യോഗസ്ഥനായി എത്തുന്ന അനിൽ കപൂർ തെറ്റായി യൂണിഫോം ധരിച്ചിരിക്കുന്നുവെന്നും കഥാപാത്രത്തിന്‍റെ പെരുമാറ്റം സായുധ സേന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇന്ത്യൻ വ്യോമസേന ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ, അനുബന്ധ രംഗങ്ങൾ ചിത്രത്തിൽ നിന്ന് പിൻവലിക്കണമെന്നും ഐഎഎഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പിൻവലിക്കണമെന്ന് നിർദേശിക്കുന്ന ഒരു രംഗവും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'എകെ വേഴ്‌സസ് എകെ'ക്ക് എതിരെ ഇന്ത്യൻ വ്യോമസേന രംഗത്ത് - ak vs ak iaf issue
ചിത്രത്തിൽ അനിൽ കപൂർ തെറ്റായി യൂണിഫോം ധരിച്ചിരിക്കുന്നുവെന്നും കഥാപാത്രത്തിന്‍റെ പെരുമാറ്റം സായുധ സേന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇന്ത്യൻ വ്യോമസേന പറയുന്നു. അനുബന്ധ രംഗങ്ങൾ പിൻവലിക്കണമെന്നാണ് വ്യോമസേനയുടെ ആവശ്യം
"ഈ വീഡിയോയിൽ ഐഎഎഫ് യൂണിഫോം തെറ്റായി ധരിച്ചിരിക്കുന്നു. താരം ഉപയോഗിച്ച ഭാഷയും അനുചിതമാണ്. ഇത് ഇന്ത്യയിലെ സായുധ സേനയിലുള്ളവരുടെ പെരുമാറ്റ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അനുബന്ധ രംഗങ്ങൾ പിൻവലിക്കണം," എന്ന് ഐഎഎഫ് നെറ്റ്ഫ്ലിക്സ് ഇന്ത്യയോടും അനുരാഗ് കശ്യപിനോടും സിനിമയുടെ അണിയറപ്രവർത്തകരോടും ആവശ്യപ്പെട്ടു.
ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപും നടൻ അനിൽ കപൂറും തമ്മിൽ പ്രശ്‌നമുണ്ടാകുന്നതും അനിൽ കപൂറിന്‍റെ മകൾ സോനം കപൂറിനെ അനുരാഗ് തട്ടിക്കൊണ്ടു പോകുന്നതുമാണ് എകെ വേഴ്‌സസ് എകെയുടെ പ്രമേയം. വിക്രമാദിത്യ മോട്ട്‌വാനേയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹിന്ദി ചിത്രത്തിന്‍റെ രണ്ട് ദിവസം മുമ്പ് പുറത്തുവിട്ട ട്രെയിലറും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മാസം 24ന് നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യാനിരിക്കെയാണ് എകെ വേഴ്‌സസ് എകെക്ക് എതിരെ വ്യോമസേന രംഗത്തെത്തിയിരിക്കുന്നത്.