സിനിമാ- ടെലിവിഷൻ സെറ്റുകളിലും സ്റ്റുഡിയോകളിലും അതീവ ജാഗ്രതയോടെ ചലച്ചിത്ര നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്ന നിർദേശവുമായി ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്‌ടേഴ്‌സ് അസോസിയേഷൻ (ഐ.എഫ്.ടി.ഡി.എ). ബോളിവുഡ് താരങ്ങൾക്കും കുടുംബങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഐ.എഫ്.ടി.ഡി.എ മുന്നറിയിപ്പ് നൽകികൊണ്ട് പ്രസ്‌താവന പുറത്തിറക്കിയത്. സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ചിത്രീകരണത്തിന്‍റെയും പോസ്റ്റ് പ്രൊഡക്ഷന്‍റെയും ഭാഗമാകുന്ന സംവിധായകരും സഹായികളും തുടങ്ങി എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സംവിധായകരുടെ സംഘടന അറിയിച്ചു.
സിനിമാ- ടിവി സെറ്റുകളിൽ ജാഗ്രത പാലിക്കണമെന്ന് ഐ.എഫ്.ടി.ഡി.എ
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിക്കുകയും അനുപം ഖേറിന്‍റെ കുടുംബാംഗങ്ങൾക്കും രോഗബാധയുള്ളതായി കണ്ടെത്തുകയും ചെയ്‌തതിന് പിന്നാലെയാണ് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ജാഗ്രതാ നിർദേശം നൽകിയത്.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും ശനിയാഴ്‌ച രാത്രി മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളായ ഐശ്വര്യറായിയുടെയും ആരാധ്യയുടെയും പരിശോധനാ ഫലവും പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. ബോളിവുഡ് നടൻ അനുപം ഖേറിന്‍റെ അമ്മക്കും സഹോദരനുമുൾപ്പടെ കുടുംബാംഗങ്ങൾക്കും കൊവിഡുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അനുപം ഖേറിന്‍റെ പരിശോധനാ ഫലം നെഗറ്റീവാണ്. കൂടാതെ, ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടി രേഖയുടെ ബാന്ദ്രയിലെ ബംഗ്ലാവും അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്.