ബോളിവുഡ് നടി കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടന്‍ ഹൃത്വിക് റോഷന്‍ നാലു വര്‍ഷം മുമ്പ് നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. 2016ൽ രജിസ്റ്റർ ചെയ്‌ത കേസ് ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെ നടി കങ്കണ തന്നെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്.
ഒരു സമയത്ത് തമ്മിൽ അടുപ്പത്തിലായിരുന്ന കങ്കണാ റണൗട്ടും ഹൃത്വിക് റോഷനും പിന്നീട് അകലുകയും തുടർന്ന് താൻ അയച്ച ഇ-മെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നുമാണ് കങ്കണ ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഹൃത്വക് പൊലീസിനെ സമീപിക്കുകയും തന്‍റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും താരം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സംഭവത്തിൽ നടനെതിരെ തെളിവ് ലഭിക്കാത്തതിനാല്‍ പൊലീസിൽ നിന്ന് നടപടിയൊന്നും ഉണ്ടായില്ല. ഹൃത്വിക്കിനെതിരെയുള്ള കുറ്റാരോപണത്തിനുള്ള തെളിവുകൾ കങ്കണക്ക് ഹാജരാക്കാനും സാധിച്ചിരുന്നില്ല.
കേസിൽ ശരിയായ അന്വേഷണം വേണമെന്നും പൊലീസിലെ മറ്റൊരു ഏജൻസി കേസ് ഏറ്റെടുക്കണമെന്നും ഹൃത്വിക് റോഷനാണ് മുംബൈ കമ്മിഷണറോട് അഭ്യർഥിച്ചത്. തുടർന്നാണ് മുംബൈയിലെ സൈബര്‍ സെല്‍ യൂണിറ്റ് അന്വേഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.
എന്നാൽ, ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന് കേസ് കൈമാറിയതിൽ പ്രതികരിച്ച് നടി കങ്കണ തന്നെ രംഗത്തെത്തി. ''ഹൃത്വികിന്‍റെ വിഷമകഥ വീണ്ടും തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ബന്ധം പിരിഞ്ഞതിന് ശേഷം, അദ്ദേഹത്തിന്‍റെ വിവാഹ മോചനത്തിന് ശേഷം, ഹൃത്വിക് ഇപ്പോഴും അതില്‍ നിന്ന് മുന്നോട്ട് നീങ്ങിയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായില്ല. എന്‍റെ വ്യക്തി ജീവിതത്തില്‍ ഞാന്‍ പ്രതീക്ഷ കണ്ടെത്തുമ്പോള്‍ ഹൃത്വിക് നാടകവുമായി വീണ്ടും വരും. നിങ്ങള്‍ എന്നാണ് ഈ പ്രണയബന്ധത്തെ ഓര്‍ത്ത് കരച്ചില്‍ നിര്‍ത്തുക,'' എന്ന് കങ്കണ രണൗട്ട് ട്വിറ്ററിൽ കുറിച്ചു.
താനും ഹൃത്വിക്കും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും അവകാശപ്പെട്ട് 2016ലാണ് ക്വീൻ ഫെയിം രംഗത്തെത്തിയത്. എന്നാൽ, ഈ വാർത്ത ഹൃത്വിക് നിഷേധിക്കുകയും ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം മോർഫ് ചെയ്‌തതാണെന്ന് ബോളിവുഡ് നടൻ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.