തന്‍റെ അമ്മാവനും ബോളിവുഡ് മെഗാസ്റ്റാറുമായിരുന്ന ഷമ്മി കപൂറിന്‍റെ ചിത്രം പങ്കുവെച്ച് കൊണ്ട് പുതുതലമുറയിലെ സംവിധായകർക്ക് ഒരു സന്ദേശം നൽകുകയാണ് നടൻ റിഷി കപൂർ. "ഇന്നത്തെ സംവിധായകർക്ക്. ഇവിടെയാണ് നിങ്ങളുടെ നടൻ വളരെ സമീപത്ത് പ്രകടനം നടത്തുന്നത് നിങ്ങൾ കാണേണ്ടത്. പുതിയ കളിപ്പാട്ടത്തിൽ സന്തോഷം കണ്ടെത്തുന്നവർ ഉപയോഗിക്കുന്ന ഈ പുതിയ ഉപകരണത്തിൽ മടുപ്പ് തോന്നുന്നു. അത് ക്യാമറാമാന് വേണ്ടിയുള്ളതാണ്." 1966ൽ റിലീസ് ചെയ്‌ത തീസ്‌രി മന്‍സില്‍ എന്ന ഹിന്ദി ചിത്രത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ട് റിഷി കപൂർ ട്വിറ്ററിൽ കുറിച്ചു.
വീഡിയോ മോണിറ്റർ ഉപയോഗിക്കുന്ന യുവസംവിധായകരോട് റിഷി കപൂറിന് പറയാനുള്ളത്... - Kunal Kapoor
ക്യാമറക്ക് അടുത്ത് നിന്ന് കൊണ്ട് അഭിനേതാക്കൾക്ക് നിർദേശം നൽകുന്ന പഴയ കാല ചിത്രീകരണ രീതിയെക്കുറിച്ചും ഇന്നത്തെ വീഡിയോ മോണിറ്റർ ഉപയോഗിക്കുന്നതിലെ വിയോജിപ്പുമാണ് റിഷി കപൂർ പങ്കുവെച്ചത്
ക്യാമറക്ക് അടുത്ത് നിന്ന് കൊണ്ട് അഭിനേതാക്കൾക്ക് നിർദേശം നൽകുന്ന പഴയ കാല ചിത്രീകരണ രീതിയെക്കുറിച്ചാണ് റിഷി കപൂർ പറയുന്നത്. തീസ്‌രി മന്‍സിലിന്‍റെ ചിത്രീകരണത്തിൽ നിന്നുമുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോയിൽ വിജയ് ആനന്ദ് എന്ന സംവിധായകൻ ക്യാമറക്ക് അടുത്ത് ഇരുന്ന് മോണിറ്ററിലൂടെ അല്ലാതെ ഷമ്മി കപൂറിന് നിർദേശം നൽകുന്നത് കാണാം. റിഷി കപൂർ പങ്കുവെച്ച ട്വീറ്റിന് മറുപടിയായി സംവിധായകർ ശേഖർ കപൂറും കുനാൽ കപൂറും പ്രതികരിച്ചിട്ടുണ്ട്.
താൻ വീഡിയോ മോണിറ്റർ ഇഷ്‌ടപ്പെടുന്നില്ലെന്നും ഇതുമായി വളരെ അകലം പാലിക്കാൻ ശ്രമിക്കുന്നതായും ശേഖർ കപൂർ പറഞ്ഞു. താൻ മോണിറ്ററിലൂടെ നിരീക്ഷിക്കാറില്ലെന്നും അഭിനേതാക്കളെയും ഇതിലൂടെ നോക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കീർണമായ വിഎഫ്‌എക്‌സ് രംഗങ്ങൾക്ക് അല്ലാതെ ഇത് ഉപയോഗിക്കുന്നത് സിനിമാ നിർമാണത്തെ അലസമാക്കുമെന്നാണ് ശേഖർ കപൂറിന്‍റെ അഭിപ്രായം. അഭിനേതാക്കളുടെ പ്രകടനം കാണണമെങ്കിൽ അവരുടെ വളരെ അടുത്ത് തന്നെ നിന്ന് അത് കാണണമെന്നും ഷോട്ടുകൾ ഏതെന്ന് സസൂഷ്‌മം തിരിച്ചറിയാനായിരിക്കാം മോണിറ്റർ പലരും ഉപയോഗിക്കുന്നതെന്ന് സംവിധായകൻ കുനാൽ കപൂറും ട്വിറ്ററിലൂടെ വ്യക്തമാക്കി.