മുംബൈ: ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ബോളിവുഡ് നിർമാതാവ് ഗുനീത് മോംഗ. അക്കാദമി പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ജല്ലിക്കട്ടിനെ 93-ാമത് ഓസ്‌കർ വേദിയിൽ എത്തിക്കുമ്പോൾ ഒപ്പം പ്രമുഖ നിർമാതാവായ മോംഗയുമുണ്ടാകും. ജല്ലിക്കട്ടിന്‍റെ ബഹുമതിയിലേക്കുള്ള യാത്രയിൽ താൻ ഭാഗമാകുമെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും ഗുനീത് മോംഗ ട്വിറ്ററിലൂടെ വിശദമാക്കി.
ഓസ്കർ യാത്രയിൽ ജല്ലിക്കട്ട് ടീമിനൊപ്പം ചേരുന്നത് വലിയ അംഗീകാരമാണ്. ജല്ലിക്കട്ട് എന്‍റെ മനസ്സിനെ ശരിക്കും സ്വാധീനിച്ചു. ഇത് ഒരു മാസ്റ്റർപീസ് ചിത്രം തന്നെ! ലിജോ, നിങ്ങൾ അസാധാരണ കലാകാരനാണ്," എന്ന് അവർ ട്വീറ്റ് ചെയ്തു.
ദി ലഞ്ച് ബോക്സ്, ഗ്യാങ്സ് ഓഫ് വാസിപ്പൂർ, മസാൻ, സുബാൻ എന്നീ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് ഗുനീത് മോംഗ. 2018ൽ മോംഗ നിർമിച്ച 'പീരിഡ് എന്‍ഡ് ഓഫ് സെന്‍റന്‍സ്' എന്ന ഹ്രസ്വചിത്രത്തിന് ഓസ്കാർ പുരസ്‌കാരവും ലഭിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇതിനോടകം തന്നെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദര്‍ശിപ്പിക്കുകയും നിരൂപകപ്രശംസ സ്വന്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ, ഐഎഫ്എഫ്ഐയിൽ മികച്ച സംവിധായകനുള്ള രജതമയൂരവും കേരളസംസ്ഥാന അവാർഡും ലിജോ ജോസ് ജല്ലിക്കട്ടിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. ഗിരീഷ് ഗംഗാധരന്‍റെ ഫ്രെയിമുകളും രങ്കനാഥ് രവിയുടെ സൗണ്ട് ഡിസൈനിങ്ങും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി. ആന്‍റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ എന്നിവരായിരുന്നു ജല്ലിക്കട്ടിലെ പ്രധാന താരങ്ങൾ.