ബോളിവുഡ് താരത്തിന്‍റെ നഷ്‌ടത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ് ധോണിയെ അവിസ്‌മരീണയമായി തിരശ്ശീലയിൽ അവതരിപ്പിച്ച താരത്തെ പ്രേക്ഷകർക്ക് അത്രയേറെ പ്രിയങ്കരമായിരുന്നു. താരത്തിന്‍റെ പെട്ടെന്നുള്ള വേർപാടിൽ അനുശോചനമറിയിച്ച് സഹതാരങ്ങളും സിനിമാപ്രവർത്തകരും രാഷ്‌ട്രീയ പ്രമുഖരും രംഗത്തെത്തി.
ടിവി- സിനിമാ രംഗത്ത് പ്രതിഭ തെളിയിച്ച, പ്രഗൽഭനായ യുവനടൻ അന്തരിച്ചതിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തു.
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ സിനിമക്ക് വൻ നഷ്‌ടമെന്ന് കുറിച്ചുകൊണ്ട് അനുശോചനം രേഖപ്പെടുത്തി.
"ശരിക്കും ഈ വാർത്ത എന്നെ ഞെട്ടിച്ചു, വാക്കുകൾ കിട്ടുന്നില്ല... ചിച്ചോറിലെ സുശാന്ത് സിങ്ങിന്‍റെ അഭിനയത്തെ കുറിച്ച് എന്‍റെ സുഹൃത്തും ചിത്രത്തിന്‍റെ സംവിധായകനുമായ സാജിദിനോട് മുമ്പൊരിക്കൽ ഞാൻ സംസാരിച്ചിട്ടുണ്ട്. ഞാനും ആ സിനിമയുടെ ഭാഗമാകണമെന്ന് അതിയായി ആഗ്രഹിച്ചു എന്നതും ഓർക്കുന്നു. അത്രക്കും പ്രാഗൽഭ്യമുള്ള നടൻ... ദൈവം അദ്ദേഹത്തിന്‍റെ കുടുംബത്തിന് ശക്തി നൽകട്ടെ." യുവതാരത്തിന്‍റെ അപ്രതീക്ഷിത മരണത്തിൽ ദുഃഖം അറിയിച്ച് നടൻ അക്ഷയ് കുമാർ ട്വീറ്റ് ചെയ്‌തു.
"വാക്കുകൾ നഷ്‌ടമാകുന്നു.. സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ നിര്യാണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം അറിയിക്കുന്നു, " സഞ്ജയ് ദത്ത് കുറിച്ചു.
"സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണവാർത്ത ശരിക്കും ദുഃഖകരമാണ്. എന്ത് ദാരുണമായ നഷ്ടം. അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അഗാധമായ അനുശോചനം. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ," അജയ് ദേവ്‌ഗൺ ട്വിറ്ററിൽ എഴുതി.
"വാക്കുകൾ നഷ്‌ടമാകുന്നു. കേൾക്കാൻ അങ്ങേയറ്റം ദാരുണവും അസ്വസ്ഥവുമായ വാർത്ത. ഞങ്ങൾ എല്ലാവരും നിങ്ങളെ വളരെയധികം മിസ് ചെയ്യും. എന്‍റെ ഹൃദയം അവന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം. അവന്‍റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ," വിവേക് ഒബ്രോയ് ആദരാഞ്ജലികൾ അറിയിച്ചു.
പികെ സഹതാരത്തിന്‍റെ മരണത്തിൽ അനുശോചനമറിയിച്ച നടി അനുഷ്‌കാ ശർമ, സുശാന്തിന്‍റെ മാനസിക അവസ്ഥയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായ ആയുവെന്നും പറയുന്നുണ്ട്.
താരത്തിന്‍റെ വിയോഗവാർത്ത ഞെട്ടിച്ചുവെന്നും ഒന്നും പറയാൻ പോലും കഴിയുന്നില്ല എന്നും നടി ദിവ്യ കോസ്‍ല പറഞ്ഞു. ബോളിവുഡ് നടൻ വിക്കി കൗശൽ, ഫർഹാൻ അക്തർ, നടി ഊര്‍മിള മാറ്റോണ്ട്കര്‍ എന്നിവരും യുവതാരത്തിന്‍റെ വിയോഗത്തിൽ ദുഃഖമറിയിച്ചു.
മാനസിക ആരോഗ്യമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പരിഗണിക്കേണ്ടത്. വിഷാദരോഗം പുതിയ കാലത്തിന്‍റെ കാൻസർ ആണ്. ഇന്നത്തെ സാഹചര്യത്തിൽ പരസ്‌പരം സഹായിച്ചും പിന്തുണച്ചും മോശം അവസ്ഥകളെ പ്രതിരോധിക്കാൻ എല്ലാവരും ശ്രമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് മലയാള നടൻ കുഞ്ചാക്കോ ബോബൻ ആദരാഞ്ജലി അറിയിച്ചത്.
ചാക്കോച്ചന് പുറമെ, ഗിന്നസ് പക്രു, ടൊവിനോ തോമസ്, പൃഥിരാജ്, ജയസൂര്യ, കീർത്തി സുരേഷ് എന്നിവരും സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണത്തിൽ ആദരാഞ്ജലി അറിയിച്ചു.