കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിമയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 71-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ നവംബര്‍ 26 മുതലാണ് കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്‌ത് തുടങ്ങിയത്. കഴിഞ്ഞ ദിവസം കര്‍ഷകരുടെ പോരാട്ടത്തിന് പിന്തുണയറിയിച്ച് പോപ് ഗായികയും നടിയുമായ റിഹാന ഫെന്‍റി പങ്കുവെച്ച ട്വീറ്റാണ് ഇന്ത്യന്‍ സിനിമാ, ക്രിക്കറ്റ് മേഖലകളിലെ താരങ്ങള്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. റിഹാന മാത്രമല്ല ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബെര്‍ഗും ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ഹോളിവുഡ് താരങ്ങളടക്കം വിഷയത്തില്‍ നിലപാടുമായി രംഗത്തെത്തിതോടെ കര്‍ഷകസമരത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ, കായിക രംഗത്തെ താരങ്ങള്‍.
റിഹാന അടക്കമുള്ള ഹോളിവുഡ് താരങ്ങളുടെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ചിലര്‍ അനുകൂലിച്ചും മറ്റ് ചിലര്‍ ഹോളിവുഡ് സെലിബ്രിറ്റികളുടെ ട്വീറ്റുകളെ പരിഹസിച്ചും ശാസിച്ചും രംഗത്തെത്തി. കര്‍ഷക സമരത്തിന്‍റെ തുടക്കം മുതല്‍ ബോളിവുഡില്‍ നിന്നും പഞ്ചാബി ഗായകന്‍ ദില്‍ജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്കര്‍, സോനു സൂദ്, സോനം കപൂര്‍, താപ്സി പന്നു തുടങ്ങിയവര്‍ മാത്രമാണ് സമരത്തെ പിന്തുണച്ച് രംഗത്തുവന്നത്. എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് മുന്‍ പോണ്‍ താരം മിയ ഖലീഫ ട്വീറ്റ് ചെയ്‌തത്. റിഹാനയുടെ ട്വീറ്റിനെതിരെ നടി കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു. 'ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍, നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല' എന്നായിരുന്നു റിഹാനയ്‌ക്ക് ട്വീറ്റിലൂടെ കങ്കണ നല്‍കിയ മറുപടി. രാജ്യാന്തര താരങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി, സംവിധായകന്‍ കരണ്‍ ജോഹര്‍, ഗായകന്‍ കൈലാഷ് ഖേര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളായിരുന്നു രംഗത്ത് വന്നത്.