മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങൾ. #ബ്രേക്ക്ദിസൈലൻസ്ഫോർസുശാന്ത് എന്ന ഹാഷ്‌ടാഗിലാണ് കഴിഞ്ഞ ദിവസം മുഴുവൻ ട്വിറ്ററിൽ സിബിഐ അന്വേഷണത്തിനായി ആരാധകർ ശബ്‌ദമുയർത്തുന്നത്. കേദാർനാഥ് താരത്തിന്‍റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ലെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.
പ്രിയനടന്‍റെ മരണത്തിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയണമെന്നും അതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നും #ബ്രേക്ക്ദിസൈലൻസ്ഫോർസുശാന്ത് ഹാഷ്‌ടാഗിൽ ചിലർ നിർദേശിച്ചു. ഈ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് സ്വാധീനമുള്ളവരാണെന്നും അന്വേഷണത്തിൽ സമ്മർദ്ദമില്ലാത്തത് ആസൂത്രിത കുറ്റകൃത്യമെന്നതാണ് വ്യക്തമാക്കുന്നതെന്നും ട്വിറ്റർ ഉപഭോക്താക്കൾ പ്രതികരിക്കുന്നുണ്ട്.
സുശാന്തിന് നീതി ലഭിക്കുന്നതി വരെ നിങ്ങളുടെ ശബ്‌ദമുയർത്തുക. അദ്ദേഹത്തിന്‍റെ വിശ്വസ്‌തർ തന്നെയാണ് ഈ ക്രൂരമരണത്തിന് പിന്നിലെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.ഇതുപോലെ ഇനിയും ഇരകൾ ഉണ്ടാവാതിരിക്കാൻ, അദ്ദേഹം അനുഭവിച്ച വേദനകൾക്ക് മറുപടി നൽകാൻ, എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് #ബ്രേക്ക്ദിസൈലൻസ്ഫോർസുശാന്ത് ഹാഷ്ടാഗിൽ ട്വീറ്റുകൾ പ്രചരിക്കുകയാണ്.
ഇനിയും സ്വജനപക്ഷപാതത്തിന്‍റെ വക്താക്കളുടെയും താരപുത്രന്മാരുടെയും സിനിമകൾ നമ്മൾ കാണില്ലയെന്ന പ്രതിജ്ഞയെടുത്തുകൊണ്ട് സുശാന്തിന്‍റെ മരണത്തിന് നീതി നൽകാനും ഒരു കൂട്ടർ ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്.
സുശാന്തിന്‍റെ ഛായാചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് താരത്തിന്‍റെ മരണത്തിന് നീതി ലഭിക്കണമെന്ന ആവശ്യം ഉയരുന്നത്. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബോളിവുഡ് താരങ്ങളായ ശേഖർ സുമൻ, രൂപ ഗാംഗുലി എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു.