മുതിര്‍ന്ന നടന്‍ ജിതേന്ദ്രയുടെ മകള്‍ ഏക്ത കപൂറിനെ അറിയാത്തവരായി ആരും തന്നെയില്ല. നിര്‍മാതാവാണ്, സംവിധായിക, നടി തുടങ്ങി നിരവധി വിശേഷണങ്ങളാണ് ഏക്ത കപൂറിനുള്ളത്. ഇന്ന് ഇന്ത്യന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന മികച്ച ഭൂരിഭാഗം സീരിയലുകള്‍ക്കും പിറകില്‍ ഏക്തയാണ്. എന്നാല്‍ ഏക്ത കപൂറിന്‍റെ നേട്ടങ്ങള്‍ക്ക് അച്ഛന്‍റെ പിന്‍ബലമില്ലായിരുന്നു. മറിച്ച് നിശ്ചദാര്‍ഢ്യത്തിന്‍റെയും സമര്‍പ്പണബോധത്തിന്‍റെയും വലിയൊരു കഥയുണ്ട്. ഈ വനിതാ ദിനത്തില്‍ അടുത്തറിയാം ഏക്ത കപൂറിനെ.
പത്മശ്രീ ജേതാവായ ഏക്ത കപൂര്‍ 'കണ്ടന്‍റ് ക്വീന്‍' എന്നും 'ക്വീന്‍ ഓഫ് ടെലിവിഷ'നെന്നുമാണ് ബോളിവുഡില്‍ അറിയപ്പെടുന്നത്. പതിനെഴാം വയസില്‍ പാർട്ടികള്‍ ആസ്വദിച്ച് നടക്കുന്ന സമയത്താണ് പിതാവ് ഏക്തയോട് ഒരു കാര്യം ആവശ്യപ്പെടുന്നത്. ഇനി ഇങ്ങനെ നടക്കാന്‍ സാധിക്കില്ല. ഒന്നുകില്‍ വിവാഹം കഴിക്കാന്‍ തയ്യാറാവുക,അല്ലെങ്കില്‍ ജോലി കണ്ടെത്തുക. ഇതില്‍ ഏക്ത തെരഞ്ഞെടുത്തത് രണ്ടാമത്തെ നിർദേശമാണ്. സ്ഥിര വരുമാനത്തിനായി ഏക്ത ഒരു പരസ്യ കമ്പനിയില്‍ ജോലി ആരംഭിച്ചു. നിരന്തരമായ പരിശ്രമത്തിലൂടെ 130 ഓളം സീരിയലുകള്‍ ഏക്തയുടെ പേരിലുള്ള ബാലാജി ടെലിഫിലിംസിന്‍റെ ബാനറില്‍ പുറത്തിറക്കി. അവയില്‍ പലതും ഇന്ന് പുതുമയോടെ പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ഇതോടെ ടെലിവിഷന്‍ രംഗത്ത് ചലനം സൃഷ്ടിക്കാനും പുതിയ ട്രെന്‍റുകള്‍ ആളുകളിലേക്ക് എത്തിക്കാനും ഏക്തക്ക് കഴിഞ്ഞു. കുടുംബപരമ്പരകള്‍ കൂടാതെ ത്രില്ലര്‍ മൂഡിലുള്ള സീരിയലുകളും ഏക്തയുടെ ചിന്തയിലും കഴിവിലും കാണികള്‍ക്ക് മുമ്പിലെത്തി.
വനികളുടെ അഭിമാനമായി ഏക്ത കപൂര്‍ ബോളിവുഡ് താരങ്ങളായ സുഷാന്ത് സിങ്, വിദ്യാബാലന്‍ അടക്കമുള്ളവര്‍ ബിഗ് സ്ക്രീനില്‍ എത്തി ആധിപത്യം സ്ഥാപിക്കുന്നത് പോലും ഏക്ത കപൂര്‍ നിര്‍മിച്ച സീരിയലുകളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ്. ഇപ്പോഴും ടിആര്‍പി റേറ്റിങില്‍ ബോളിവുഡില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പരമ്പരകളും ഷോകളും ഏക്ത കപൂറിന്‍റെ കൈയ്യൊപ്പ് ചാര്‍ത്തിയവയാണ്. മിനി സ്ക്രീനില്‍ മാത്രമല്ല ഏക്ത ബിഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ചിരുന്നു. ഗോവിന്ദയും സുസ്മിതയും പ്രധാന കഥാപാത്രങ്ങളായ കോമഡി ചിത്രം 'ക്യൂംകി മേ ജൂട്ട് നഹി ബോല്‍ത്ത' എന്ന ചിത്രം നിര്‍മിച്ച് കൊണ്ടായിരുന്നു പ്രവേശനം. പിന്നീട് നിര്‍മിച്ച ചില ചിത്രങ്ങള്‍ പരാജയമായിരുന്നങ്കിലും ഏക്ത പിന്‍വാങ്ങിയില്ല.വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ദ ഡേര്‍ട്ടി പിക്ചര്‍, ജഡ്ജ്‌മെന്‍റല്‍ ഹേ ക്യാ, ഡ്രീം ഗേള്‍ എന്നിവ ഏക്തയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ഹിറ്റായ ചിത്രങ്ങളാണ്.
ഇപ്പോള്‍ ഡിജിറ്റല്‍ രംഗത്തും തരംഗമാകാനുള്ള പരിശ്രമത്തിലാണ് ഏക്ത. അതിനായി 'ആള്‍ട്ട് ബാലാജി'യെന്ന ചാനലും ഏക്ത ആരംഭിച്ച് കഴിഞ്ഞു. അവിവാഹിതയായ ഏക്ത കഴിഞ്ഞ വര്‍ഷം വാടക ഗര്‍ഭപാത്രത്തിലൂടെ ആണ്‍കുഞ്ഞിനെ സ്വന്തമാക്കി. രവി കപൂര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഏഷ്യ വീക്ക് മാഗസീന്‍ പുറത്തിറക്കിയ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ അമ്പത് വനിതകളുടെ പട്ടികയിലും ഏക്ത ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡ്, ഫോര്‍ബ്സ് ടൈക്കൂണ്‍ പുരസ്കാരം എന്നിവക്കും ഏക്ത കപൂര്‍ അര്‍ഹയായിട്ടുണ്ട്. ടിവി, സിനിമ, ഓണ്‍ലൈന്‍ രംഗത്ത് തന്‍റെതായ ഇടം കണ്ടെത്തിയ ബോളിവുഡിന്‍റെ അഭിമാനമായ ഏക്ത കപൂര്‍ ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മികച്ച പ്രചോദനമാണ്.