മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് നടി രേണുക ഷഹാനെ. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസിന്‍റെ പ്രസ്‌താവനക്ക് മറുപടിയായാണ് ഷഹാനെ തന്‍റെ പ്രതികരണം അറിയിച്ചത്.
സുശാന്തിന്‍റെ കേസ് മുംബൈ പൊലീസ് കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ മുംബൈയുടെ മനുഷ്യത്വം നഷ്ടമായതായി തോന്നുന്നുവെന്നും നിരപരാധികളും ആത്മാഭിമാനം ഉള്ളവര്‍ക്കും ഇവിടെ താമസിക്കുന്നതിന് സുരക്ഷിതമല്ലെന്നുമാണ് അമൃത ഫഡ്‌നാവിസ് ട്വിറ്ററില്‍ കുറിച്ചത്.
ഇതിന് മറുപടിയുമായാണ് രേണുക ഷഹാനെ രംഗത്തെത്തിയത്. ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന നഗരത്തെ ഇത്തരത്തിൽ പ്രതിപാദിക്കരുതെന്നും പകരം സ്വാധീനമുള്ള ഇത്തരം ആളുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായം നൽകുകയാണ് ചെയ്യേണ്ടതെന്നുമാണ് നടി ട്വീറ്റ് ചെയ്‌തത്. "ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകുന്ന, അവർ വസിക്കുന്ന ഒരു നഗരത്തോട് ഇത് ശരിക്കും അന്യായമാണ്. മേൽക്കൂരയും പുതപ്പും കീറിയതാണെങ്കിലും, മുംബൈ പ്രതീക്ഷിക്കാനും സ്വപ്നം കാണാനും പുഞ്ചിരിക്കാനും കാരണമാകുന്നു. കൊവിഡ് സമയത്തും ഇവിടുത്തെ അന്തേവാസികൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ മുംബൈ പൊലീസ് അശ്രാന്തം പരിശ്രമിക്കുന്നുണ്ടെന്നും രേണുക ഷഹാനെ പറഞ്ഞു.
അമൃത ഫഡ്‌നാവിസ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാര്യയായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്‌താവന അവർ പുറത്തുവിടില്ലായിരുന്നെന്നും ഫഡ്‌നാവിസിന്‍റെ ഭരണകാലത്താണ് എല്‍ഫിന്‍സ്റ്റോണ്‍ പാലം തകർന്ന് നിരവധി ആളുകൾ മരിച്ചതെന്നും ട്വീറ്റിലൂടെ നടി രേണുക ഷഹാനെ ഓർമിപ്പിച്ചു.