ടൗട്ടേ ചുഴലിക്കാറ്റിൽ കടപുഴകി വീണ മരത്തിനു സമീപം നിന്ന് ഫോട്ടോഷൂട്ട് നടത്തുകയും നൃത്തം ചെയ്യുകയും ചെയ്‌ത നടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. ഹിന്ദി ടെലിവിഷൻ താരം ദീപിക സിംഗ് ആണ് വിവാദ ഫോട്ടോഷൂട്ട് നടത്തിയത്. വീടിന് പുറത്തിറങ്ങി, കാറ്റിൽ കടപുഴകി വീണ മരത്തിനടുത്ത് നിന്ന് മഴ ആസ്വദിക്കുന്ന വീഡിയോയും ചിത്രങ്ങളും ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
കൊടുങ്കാറ്റിലും പേമാരിയിലും ഒട്ടനവധി പേർ ദുരിതത്തിലാകുമ്പോഴാണോ ഇത്തരം ഫോട്ടോഷൂട്ട് എന്ന് ചിത്രങ്ങൾക്ക് താഴെ നിരവധി പേർ വിമർശിച്ചു. ചുഴലിക്കാറ്റ് വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായി, ഈ സമയത്ത് ഇതിനെ ആസ്വദിക്കാനാണല്ലോ താരം ചിന്തിച്ചതെന്നും വിമർശനം ഉയർന്നു. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും കൊവിഡ് സമയമായതിനാൽ വീടിന് പുറത്തിറങ്ങുന്നത് നല്ലതല്ലെന്നും നടിക്കെതിരെ കമന്‍റുകൾ നിറഞ്ഞു. നിങ്ങളുടെ വീടിന് പ്രശ്നങ്ങൾ ഉണ്ടാവാത്തതിനാലാണ് ഇങ്ങനെ ചിന്തിച്ചതെന്നും കൊടുങ്കാറ്റിൽ ആളുകൾ മരിക്കുമ്പോൾ നിങ്ങൾ അതിനെ ആസ്വദിക്കുകയാണോയെന്നും വിമർശകർ ചോദിച്ചു.