ഉറക്കമില്ലാതെ താനും തന്‍റെ ടീമും ഒരുക്കിയ ഗാനത്തിന്‍റെ റീമിക്സിനെതിരെ പ്രതികരിച്ച് സംഗീത ചക്രവർത്തി എ.ആർ റഹ്മാൻ. അഭിഷേക് ബച്ചനും സോനം കപൂറും അഭിനയിച്ച 'ഡല്‍ഹി 6' എന്ന ചിത്രത്തിലെ മസാക്കലി ഗാനത്തിന്‍റെ റീമിക്‌സിലാണ് റഹ്മാൻ അതൃപ്‌തി പ്രകടിപ്പിച്ചത്. പ്രസൂൺ ജോഷി വരികളെഴുതി മോഹിത് ചൗഹാൻ ആലപിച്ച ഗാനം. അതിന്‍റെ പുതിയ രൂപത്തേക്കാൾ ആരാധകർക്ക് എന്തുകൊണ്ടും ഇഷ്‌ടം 2009ൽ പുറത്തിറക്കിയ യഥാർഥ ഗാനം തന്നെയായിരുക്കുമെന്ന് എ.ആർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഭൂഷൺ കുമാറിന്‍റെ ടി-സീരീസ് തുള്‍സി കുമാറും സജിത് ടണ്‌ഠനും ചേര്‍ന്നാലപിച്ച റീമിക്‌സ് ഗാനം പുറത്തുവിട്ടത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയും അഭിനയിക്കുന്ന ഗാനം വീണ്ടും ചിട്ടപ്പെടുത്തിയിരിക്കുന്നത് തനിഷ്‌കാണ്. ഗാനത്തിന്‍റെ പുനസൃഷ്‌ടിക്കെതിരെ വിമർശനവുമായി ആരാധകർ രംഗത്തെത്തിയതിന് പിന്നാലെയാണ് എ.ആറും ഇതിൽ തന്‍റെ പ്രതികരണം വ്യക്തമാക്കിയത്.