പച്ചപ്പിനെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമാവുകയാണ് ഇന്ത്യന്‍ സിനിമയിലെ താരങ്ങളെല്ലാം. ഇതിന്‍റെ ഭാഗമായി രാകുല്‍ പ്രീത് സിംഗ്, രാംചരണ്‍, വിജയ്, സാമന്ത, രശ്മിക മന്ദാന തുടങ്ങിയവരെല്ലാം വൃക്ഷതൈകള്‍ നടുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ടുള്ള ഗ്രീന്‍ ഇന്ത്യ ചലഞ്ചിലേക്കുള്ള സംവിധായകന്‍ രാജമൗലിയുടെ ക്ഷണം നിരസിച്ചിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. വൃക്ഷതൈകള്‍ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നട്ടുകൊണ്ടാണ് രാം ഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചലഞ്ചിന്‍റെ ഭാഗമാകാന്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഒരുക്കിയ സംവിധായകന്‍ രൗജമൗലി ക്ഷണിച്ചത്. ചെളിയില്‍ കൈതൊടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ചലഞ്ച് ഏറ്റെടുക്കുന്നില്ലെന്നാണ് രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചത്.
ഗ്രീന്‍ ഇന്ത്യ ചലഞ്ച്: രാജമൗലിയുടെ ക്ഷണം നിരസിച്ച് രാം ഗോപാല്‍ വര്‍മ - ഗ്രീന്‍ ഇന്ത്യ ചലഞ്ച്
ചെളിയില്‍ കൈതൊടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ചലഞ്ച് ഏറ്റെടുക്കുന്നില്ലെന്നാണ് രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചത്

'പച്ചപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയല്ല ഞാന്‍. ചെളിയില്‍ കൈവെക്കുന്നത് വെറുക്കുന്നു. ഈ ചെടികള്‍ സ്വാര്‍ത്ഥമതിയായ എന്നേക്കാള്‍ മികച്ച മറ്റൊരു വ്യക്തിയെ അര്‍ഹിക്കുന്നു. താങ്കള്‍ക്കും താങ്കളുടെ സസ്യജാലങ്ങള്‍ക്കും എന്‍റെ ആശംസ' രാം ഗോപാല്‍ വര്‍മ ട്വീറ്റില്‍ കുറിച്ചു. അടുത്തതായി 'ത്രില്ലര്‍' എന്ന ചിത്രം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് വര്‍മ. ലൈംഗികതയുടെ അതിപ്രസരവുമായി വീണ്ടുമൊരു രാംഗോപാല്‍ വര്‍മ ചിത്രം എന്ന പേരിലാണ് ഈ സിനിമ പ്രചരിക്കുന്നത്. ലോക്ക് ഡൗണ്‍ കൊവിഡ് പ്രതിസന്ധിക്കിടെ ആര്‍വിജി ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലര്‍. മോഡല്‍ അപ്‌സര റാണിയാണ് ത്രില്ലറില്‍ നായിക. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക.