സുശാന്ത് സിങ് രജ്‌പുത്ത് എന്ന അതുല്യപ്രതിഭ അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാര ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ട്രെയിലറും ടീസറും ഗാനങ്ങളും വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന് ശ്രദ്ധാഞ്ജലി ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ എ.ആര്‍ റഹ്മാന്‍. ദില്‍ ബേച്ചാരയിലെ ഗാനങ്ങള്‍ ഒരുക്കിയത് റഹ്മാനായിരുന്നു. വെര്‍ച്വല്‍ സംഗീത സദസിലൂടെയായിരുന്നു ശ്രദ്ധാഞ്ജലിയൊരുക്കിയത്. ദില്‍ ബേച്ചാരയില്‍ ഗാനങ്ങള്‍ ആലപിച്ച അതേ ഗായകരും സംഗീത സദസില്‍ റഹ്മാനൊപ്പം എത്തി. സുശാന്തും സഞ്ജന സാംങ്കിയുമാണ് ദില്‍ ബേച്ചാരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സുശാന്തിന് സംഗീതത്തിലൂടെ എ.ആര്‍ റഹ്മാന്‍റെ ശ്രദ്ധാഞ്ജലി, വീഡിയോ വൈറല്‍ - Dil Bechara team pays heartfelt musical tribute
വെര്‍ച്വല്‍ സംഗീത സദസിലൂടെയായിരുന്നു ശ്രദ്ധാഞ്ജലിയൊരുക്കിയത്. ദില്‍ ബേച്ചാരയില്‍ ഗാനങ്ങള്‍ ആലപിച്ച അതേ ഗായകരും സംഗീത സദസില്‍ റഹ്മാനൊപ്പം എത്തി
മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ഒമ്പത് ഗാനങ്ങളാണ് റഹ്മാന്‍ തയ്യാറാക്കിയത്. 'ഈ ചിത്രത്തിന് വേണ്ടി താന്‍ തയാറാക്കിയ മുഴുവന്‍ ഗാനങ്ങളും എന്നും പ്രത്യേകത നിറഞ്ഞവയായിരിക്കും. ആ ഗാനങ്ങള്‍ക്കെല്ലാം ഇന്ന് മറ്റൊരു അര്‍ഥതലം വന്നിരിക്കുകയാണ്' റഹ്മാന്‍ പറഞ്ഞു. ചിത്രത്തിലെ പ്രധാന ഗാനം റഹ്മാനും മകള്‍ റഹീമ റഹ്മാനും മകന്‍ എ.ആര്‍ അമീനും ഹിരാല്‍ വിരാഡിയയും ചേര്‍ന്നാണ് സംഗീത സദസില്‍ ആലപിച്ചത്. തുടര്‍ന്ന് മസ്‌കാരി എന്ന ഗാനം ഹൃദയ് ഗട്ടാനിയും സുനീതി ചൗഹാനും ചേര്‍ന്ന് ആലപിച്ചു. താരെ ജിന്‍ എന്ന ഗാനം മോഹിത് ചൗഹാനും ശ്രേയ ഘോശാലും ചേര്‍ന്ന് പാടി. അര്‍ജിത് സിംഗ്, സാഷാ ത്രിപാഠി, ജോനിത ഗാന്ധി, ഹൃദയ് ഗട്ടാനി എന്നിവര്‍ പാടിയ ഗാനങ്ങളും വെര്‍ച്വല്‍ സംഗീത സദസില്‍ അവതരിപ്പിച്ചു. അഞ്ച് മണിക്കൂറുകള്‍ക്ക് മുമ്പ് യുട്യൂബില്‍ റിലീസ് ചെയ്ത ശ്രദ്ധാഞ്ജലി പത്ത് ലക്ഷത്തിലധികം ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു.