ന്യൂഡൽഹി:അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ജീവിതം ആധാരമാക്കി ഒരുക്കുന്ന സിനിമകൾക്കെതിരെ പിതാവ് കൃഷ്ണ കിഷോർ സിംഗ് ഡൽഹി ഹൈക്കോടതിയിൽ. സുശാന്തിന്‍റെ ബയോപിക്കായി ഒരുക്കുന്ന ചിത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കെ.കെ സിംഗിന്‍റെ പരാതിയിൽ കോടതി സംവിധായകര്‍ക്ക് നോട്ടിസ് അയച്ചു. മെയ് 25നകം വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. രാം ഗോപാൽ വർമ ഉൾപ്പെടെയുള്ള സംവിധായകരാണ് സുശാന്തിന്‍റെ ബയോപിക് ഒരുക്കുമെന്ന് പ്രഖ്യാപിച്ചത്.
മകന്‍റെ ജീവിതമോ പേരോ ചിത്രങ്ങളോ സിനിമകളിൽ ഉപയോഗിക്കുന്നത് തടയണമെന്ന് അഭിഭാഷകൻ വികാസ് സിംഗ് കെ.കെ സിംഗിനായി സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 മുന്‍നിര്‍ത്തിയാണ് ആവശ്യം. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെയോ ബന്ധുക്കളുടെയോ ജീവിതം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് വികാസ് സിംഗ് വാദിച്ചു.