ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള ദൃശ്യങ്ങള്‍ സിനിമകളിലോ ഡോക്യുമെന്‍ററികളിലോ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഇനി മുതല്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ എന്‍ഒസി വേണം. ചില വെബ് സീരിസുകളില്‍ ഇന്ത്യന്‍ സൈന്യത്തെ മോശമായി അവതരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഇക്കാര്യം നിര്‍മാതാക്കളെ അറിയിക്കാന്‍ സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, വിവര പ്രക്ഷേപണ മന്ത്രാലയം എന്നിവക്ക് പ്രതിരോധ മന്ത്രാലയം കത്തയച്ചു.
ഇന്ത്യന്‍ സൈന്യത്തിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ എന്‍ഒസി നിര്‍ബന്ധം - Defence ministry
സൈനിക ഉദ്യോഗസ്ഥരേയും സൈനിക യൂണിഫോമിനേയും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ക്കെതിരേ ശക്തമായ എതിര്‍പ്പ് ഉന്നയിച്ച് പ്രതിരോധ മന്ത്രാലയത്തിന് വ്യാപകമായ പരാതി ലഭിച്ചിട്ടുണ്ട്.
സൈനിക ഉദ്യോഗസ്ഥരേയും സൈനിക യൂണിഫോമിനേയും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ക്കെതിരേ ശക്തമായ എതിര്‍പ്പ് ഉന്നയിച്ച് പ്രതിരോധ മന്ത്രാലയത്തിന് വ്യാപകമായ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സീ 5ലെ 'കോഡ് എം', എഎല്‍ടി ബാലാജിയിലെ 'XXX അണ്‍സെന്‍സേര്‍ഡ് (സീസണ്‍ 2)' എന്നിവയടക്കമുള്ള ചില വെബ് സീരിസുകളിലുള്ള സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും ഇതില്‍ സായുധ സേനയെ വികലമായാണ് അവതരിപ്പിക്കുന്നതെന്നും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിർമാതാവിനും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ട ചില പൗരന്മാരും മുൻ സൈനികരും അസോസിയേഷനുകൾ എഎൽടി ബാലാജിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.