ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ പുതിയ ചിത്രം ഛപകിനെ ഐഎംഡിബിയില്‍ റിപ്പോര്‍ട്ട് ചെയ്ത് റേറ്റിങ് കുറച്ച സംഭവത്തില്‍ പ്രതികരിച്ച് താരം. ഐഎംഡിബിയില്‍ റേറ്റിങ് മാറിയാലും തന്‍റെ നിലപാടുകള്‍ മാറില്ലെന്ന് നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഐഎംഡിബിയില്‍ റേറ്റിങ് മാറിയാലും എന്‍റെ നിലപാടുകള്‍ മാറില്ലെന്ന് ദീപിക പദുകോണ്‍
ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് താരത്തിനെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധവും പുതിയ സിനിമ ഛപകിന്‍റെ റേറ്റിങില്‍ വ്യത്യാസവുമുണ്ടായത്
ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപക് സിനിമയുടെ റിലീസിന് രണ്ട് ദിവസം മുമ്പായിരുന്നു അത്. സന്ദര്‍ശനത്തിന് ശേഷം ഛപാക്കിന്‍റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്ന് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ദീപികക്കെതിരെയും സിനിമക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ദീപികക്കെതിരെ ഹേറ്റ് കാമ്പയിനുകള്‍ നടന്നു. പക്ഷെ കാമ്പയിനുകളെ പിന്തള്ളി ട്വിറ്ററില്‍ ദീപകക്ക് ഫോളോവേഴ്സ് രണ്ടിരട്ടിയില്‍ ഏറെയായി. തുടര്‍ന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്ത് ഐഎംഡിബിയില്‍ സിനിമക്ക് പത്തില്‍ 4.6 റേറ്റിങ് ആവുകയായിരുന്നു. ജെഎന്‍യു വിഷയത്തില്‍ തന്‍റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ദീപികയെ പ്രശംസിച്ച് നവമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.