'83'യുടെ മോഷന്‍ പോസ്റ്റര്‍ റിലീസിന്‍റെ ഭാഗമായി ചെന്നൈയിലേക്ക് പോയ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന് ഭാര്യ ദീപിക പദുകോണിന്‍റെ മുന്നറിയിപ്പ്. താന്‍ പറഞ്ഞയച്ച സാധനങ്ങളില്ലാതെ മടങ്ങിവരേണ്ടെന്നാണ് രണ്‍വീറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ദീപിക പദുകോണ്‍ കുറിച്ചത്. 'ചെന്നൈയിൽനിന്ന് വരുമ്പോൾ ശ്രീകൃഷ്ണയിൽ നിന്ന് ഒരു കിലോ മൈസൂർ പാക്കും ഹോട് ചിപ്പ്സിൽനിന്ന് രണ്ടര കിലോ സ്പൈസി ഉരുളകിഴങ്ങ് ചിപ്സും വാങ്ങിക്കണം. അല്ലാതെ ഇങ്ങോട്ടേക്ക് മടങ്ങി വരേണ്ടാ' ദീപിക കുറിച്ചു.
ചിപ്സും മൈസൂര്‍പാക്കുമില്ലാതെ തിരിച്ചുവരേണ്ടെന്ന് രണ്‍വീറിനോട് ദീപിക - Ranveer Singh Visits Chennai For '83' Promotions
'83'യുടെ മോഷന്‍ പോസ്റ്റര്‍ റിലീസിന്‍റെ ഭാഗമായി ചെന്നൈയിലേക്ക് പോയ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചപ്പോഴായിരുന്നു ദീപികയുടെ കമന്‍റ്

ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി മോഷൻ പോസ്റ്റർ റിലീസ് ചെയ്യുന്നതിനായി എത്തിയ താരങ്ങൾക്കൊപ്പം പകര്‍ത്തിയ ചിത്രം രണ്‍വീര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോഴായിരുന്നു ദീപികയുടെ കമന്‍റ്. നിരവധി പേരാണ് ദീപികയുടെ കമന്‍റിന് ലൈക്കടിച്ചിരിക്കുന്നത്. ടിപ്പിക്കൽ സൗത്ത് ഇന്ത്യൻ ഭാര്യ തന്നെ, ഇതാണ് യഥാർഥ ഭാര്യ, തുടങ്ങിയ നിരവധി കമന്‍റുകളാണ് ദീപികക്ക് ലഭിക്കുന്നത്. ശ്രീകൃഷ്ണയിലെ മൈസൂർ പാക്കിനെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് '83'. ചിത്രത്തിൽ കപിൽ ദേവായാണ് രൺവീർ സിംഗ് വേഷമിടുന്നത്. ചെന്നൈയിൽ വച്ച് കപിൽ ദേവും കമൽഹാസനും അടങ്ങുന്ന താരനിരക്കൊപ്പമാണ് രൺവീർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ദീപിക പദുകോണാണ് കപിലിന്‍റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലെത്തുന്നത്. വിവാഹശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിൽ എത്തും.