ഹൈദരാബാദ്: ബോളിവുഡിന് പുറമെ, ഇന്ത്യയൊട്ടാകെ ആരാധകരുള്ള ധൂം ചിത്രത്തിന്‍റെ നാലാം ഭാഗമൊരുങ്ങുമ്പോൾ, നെഗറ്റീവ് റോളിൽ എത്തുന്നത് താരറാണി ദീപികാ പദുകോണെന്ന് സൂചന. ജോൺ അബ്രഹാം, ഹൃത്വിക് റോഷൻ, ആമിർ ഖാൻ എന്നിവർക്ക് ശേഷം യഷ് രാജ് ഫിലിംസിന്‍റെ ധൂം 4ൽ ദീപികയെ പ്രതിനായികയായി എത്തിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ നടിയെ സമീപിച്ചതായും എന്നാൽ, മറ്റ് പല പ്രോജക്‌റ്റുകള്‍ ഉള്ളതിനാല്‍ ദീപിക സമ്മതമറിയിച്ചിട്ടില്ലെന്നും സൂചനയുണ്ട്.
ധൂം 4ൽ ദീപിക പദുകോൺ വില്ലത്തി? - ദീപിക പദുകോൺ വില്ലൻ വാർത്ത
ധൂം 4ൽ ദീപിക പദുകോൺ പ്രതിനായികയായി വേഷമിട്ടാൽ 14 വർഷത്തെ സിനിമാജീവിതത്തിനിടെ ദീപിക പദുകോൺ ആദ്യമായി നെഗറ്റീവ് റോളിലെത്തുന്ന ചിത്രമായിരിക്കും ഇത്
എന്നിരുന്നാലും, ധൂം ടീമുമായി പുതിയ പതിപ്പിൽ താരസുന്ദരി ഒന്നിക്കുകയാണെങ്കിൽ 14 വർഷത്തെ സിനിമാജീവിതത്തിനിടെ ദീപിക പദുകോൺ ആദ്യമായി നെഗറ്റീവ് റോളിലെത്തുന്ന ചിത്രവും ഇതായിരിക്കും. അതേ സമയം, യഷ് രാജ് ഫിലിംസ്(വൈആർഎഫ്) നിർമിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താനിൽ ദീപിക പദുകോണാണ് നായികയാവുന്നത്.
സിദ്ധാർഥ് ചതുർവേദി, അനന്യ പാണ്ഡെ എന്നിവർക്കൊപ്പമുള്ള ചിത്രത്തിലും ഹോളിവുഡ് ചിത്രം ദി ഇന്‍റേണിലും ദീപിക ഭാഗമാകുന്നുണ്ട്. ഇതു കൂടാതെ, പ്രഭാസ് നായകനാകുന്ന ബഹുഭാഷാ ചിത്രവും മഹാഭാരത കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രവുമുൾപ്പെടെ നിരവധി സിനിമകളാണ് ഈ വർഷം ദീപിക പദുകോണിനെ കാത്തിരിക്കുന്നതായി സൂചനയുള്ളത്.