മുംബൈ :ഫാഷൻ ലോകത്ത് പ്രിയങ്കരിയാണ് ബോളിവുഡ് നടി ദീപിക പദുകോൺ. അവാർഡ് നിശകളിലും ടിവി ഷോകളിലും പൊതു ഇടങ്ങളിലും വ്യത്യസ്‌തമാർന്ന വസ്‌ത്രരീതികള്‍ പരീക്ഷിച്ച് താരം മിക്കപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്.
ആഡംബര വസ്‌ത്രമായാലും കാഷ്വൽ ലുക്കായാലും ദീപികയുടെ വസ്‌ത്രങ്ങൾ ട്രെൻഡാകാറുമുണ്ട്. പലപ്പോഴും ഈ വസ്‌ത്രങ്ങൾ 'ലിവ്, ലോഫ്, ലൗ' എന്ന തന്‍റെ ഫൗണ്ടേഷന് പണം സമാഹരിക്കാനായി ലേലത്തിനും വയ്ക്കാറുണ്ട്.
ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്‌ത്രങ്ങൾ ലേലം ചെയ്‌തു
2013ൽ നടി ജിയാ ഖാന്‍റെ മരണാനന്തര ചടങ്ങിന് ദീപിക പദുകോൺ ധരിച്ച വസ്‌ത്രങ്ങൾ ലേലത്തിന് വച്ചതിന് താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. കൂടാതെ, പ്രിയങ്ക ചോപ്രയുടെ അച്ഛന്‍റെ മരണത്തിന് ശേഷമുള്ള പ്രാർഥനാ ചടങ്ങിൽ ദീപിക ധരിച്ച വസ്‌ത്രവും ലേലത്തില്‍ വച്ചിരുന്നു.
2700, 2100, 8000 രൂപാനിരക്കിലാണ് താരം വസ്‌ത്രങ്ങൾ ലേലത്തിന് വയ്ക്കാറുള്ളത്. ശവസംസ്‌കാരത്തിന് പങ്കെടുത്തപ്പോൾ ധരിച്ച വസ്‌ത്രങ്ങൾ ലേലത്തിന് വച്ചതിൽ അമർഷം രേഖപ്പെടുത്തിയവർ, ആരാധകരോട് സ്‌നേഹമുണ്ടെങ്കിൽ താരം ഇങ്ങനെ ചെയ്യരുതായിരുന്നു എന്നും വിമർശന ട്വീറ്റുകൾ നിറഞ്ഞു.
Also Read: സെയ്‌ഫിന്‍റെ തോൾ ചേർന്ന് കരീനയും സാറയും, അമ്പരന്ന് നോക്കി കുഞ്ഞ് ജെ
കൂടാതെ പഴകിയതും പിന്നിയതുമായ കുപ്പായങ്ങളാണിവയെന്നും ആരോപണം ഉയരുന്നു. ഉയർന്ന ജീവിതനിലവാരമുള്ളവർ ഇങ്ങനെ എന്തുരീതിയിലും പണം സമ്പാദിക്കുമെന്നും മധ്യവർഗ സമൂഹം ഇതെല്ലാം പരിശോധിച്ച് മാത്രമേ വസ്‌ത്രങ്ങൾ വാങ്ങാവൂ എന്നും വിമർശകര്‍ പറയുന്നു.
എന്നാൽ, താരം ഇത് സാമൂഹിക പ്രവർത്തനങ്ങൾക്കായാണ് ചെയ്യുന്നത്. ആവശ്യമുള്ളവർ മാത്രം വാങ്ങിയാൽ മതിയെന്ന് ചിലര്‍ പിന്തുണച്ചു. അതേസമയം ദീപിക ധരിച്ച വസ്‌ത്രങ്ങൾ തൊട്ടുനോക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യമാണെന്ന് കരുതുന്നുവെന്ന് ചിലർ കുറിച്ചു.