മുംബൈ:സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരിക്കും ബോംബെ ഹൈക്കോടതി ഇടക്കാല ആശ്വാസം നൽകി. ഈ മാസം 25വരെ കങ്കണയെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ പൊലീസിനോട് കോടതി നിർദേശിച്ചു. കൂടാതെ, ഈ കാലയളവിൽ ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കങ്കണക്കും സഹോദരിക്കും ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം
ഈ മാസം 25വരെ കങ്കണയെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യരുതെന്നും ഇവരെ ചോദ്യം ചെയ്യുന്നതിന് സമൻസ് നൽകരുതെന്നും കോടതി പൊലീസിനോട് നിർദേശിച്ചു.
കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടിക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു ഇവർക്കെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്‌തത്.
ഈ മാസം എട്ടിന് കങ്കണ റണൗട്ടും സഹോദരിയും ബാന്ദ്ര പൊലീസിന് മുന്നിൽ ഹാജരായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞ് കങ്കണ മടങ്ങിയതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ദീപക് താക്കറെ കോടതിയെ അറിയിച്ചു. എന്നാൽ, രണ്ടു മണിക്കൂർ സമയം ലഭിച്ചിട്ടും കങ്കണയെ ചോദ്യം ചെയ്യുന്നത് പൂർത്തിയാക്കാത്തതെന്താണെന്ന് കോടതി ചോദിച്ചു. തുടർന്ന് നടിയിൽ നിന്നും സഹോദരിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ മൂന്ന് ദിവസമെങ്കിലും വേണമെന്ന് താക്കറെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ജനുവരി 25 വരെ കങ്കണക്കും രംഗോലിക്കുമെതിരെ പൊലീസ് നടപടിയുണ്ടാവരുതെന്ന് കോടതി ഉത്തരവിട്ടു.