മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ കേന്ദ്രം ഗൂഢാലോചന നടത്തിയെന്ന് മഹാരാഷ്ട്ര കോൺഗ്രസ്. ഗൂഢാലോചനക്കാരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും മഹാരാഷ്ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു. സുശാന്തിന് നീതി ലഭിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സുശാന്ത് സിംഗിന്‍റെ ആത്മഹത്യ; കേന്ദ്രത്തിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് - Bollywood actor Sushant Singh Rajput's death case
സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്ന് എയിംസിന്‍റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് കോൺഗ്രസിന്‍റെ പുതിയ ആരോപണം.
![സുശാന്ത് സിംഗിന്‍റെ ആത്മഹത്യ; കേന്ദ്രത്തിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് സുശാന്ത് സിംഗ് രജ്പുത്ത് സുശാന്തിന്‍റെ മരണം ആത്മഹത്യ മഹാരാഷ്ട്ര കോൺഗ്രസ് Bollywood actor Sushant Singh Rajput's death case Maharashtra Congress](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9036757-692-9036757-1601726602779.jpg)
സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്ന് എയിംസിന്‍റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് കോൺഗ്രസിന്‍റെ പുതിയ ആരോപണം. മുംബൈ പൊലീസിന്‍റെ അന്വേഷണം ആത്മാർത്ഥവും സത്യസന്ധവുമായിരുന്നുവെന്ന് എയിംസിന്‍റെ റിപ്പോർട്ട് തെളിയിക്കുന്നു. മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്തുന്നതിന് മാധ്യമങ്ങളുടെ സഹായത്തോടെ മോദി സർക്കാർ ഗൂഢാലോചന നടത്തിയെന്നും കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു. ഗൂഢാലോചനക്കാരെ പിടികൂടാൻ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും വ്യാജ മാധ്യമങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ സച്ചിൻ സാവന്തിന്‍റെ ആരോപണം തള്ളി ബിജെപി വക്താവ് കേശവ് ഉപാധ്യയ രംഗത്തെത്തി. സുശാന്തിന് നീതി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള തിടുക്കം എന്താണെന്നും കേശവ് ഉപാധ്യ ചോദിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.