മുംബൈ:ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയത്. ആരോഗ്യം സുഖപ്രദമായതോടെ താരം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെന്ന് ദിലീപ് കുമാറിന്‍റെ ട്വിറ്റർ പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്.
'നിങ്ങളുടെ സ്നേഹത്താലും വാത്സല്യത്താലും പ്രാർഥനയാലും ദിലീപ് സാബ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നു. ദൈവത്തിന്‍റെ അനന്തമായ കരുണയും ദയയും ഡോ. ഗോഖലെ പാർക്കർ, ഡോ. അരുൺ ഷാ തുടങ്ങിയ ഹിന്ദുജ ആശുപത്രിയിലെ ജീവനക്കാരിലൂടെയും ലഭിച്ചു' എന്ന് നടന്‍റെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഫൈസൽ ഫാറൂഖി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് നടനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്‍റെ ആരോഗ്യം ഭേദമാകുന്നുവെന്ന് കഴിഞ്ഞ ബുധനാഴ്‌ച ഭാര്യ സൈറ ബാനു സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
More Read:ദിലീപ് കുമാറിന്‍റെ ആരോഗ്യനില തൃപ്‌തികരം, ഇന്ന് ആശുപത്രി വിടും
മുഹമ്മദ് യൂസഫ് ഖാൻ എന്നാണ് ദിലീപ് കുമാറിന്‍റെ യഥാർഥ പേര്. ദാദാസാഹേബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ തുടങ്ങി രാജ്യത്തിന്‍റെ പരമോന്നത ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ബോളിവുഡിലെ ആദ്യ ഖാൻ എന്നാണ് അദ്ദേഹത്ത വിശേഷിപ്പിക്കുന്നത്. 1944ൽ ജ്വാർ ഭട്ട എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച മഹാനടൻ ആറ് പതിറ്റാണ്ടുകളിലായി 65ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.