മുംബൈ:പ്രശസ്‌ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്കയിലെ അണുബാധയെ തുടര്‍ന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുംബൈ സുരാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് സംഗീതസംവിധായകൻ സലിം മർച്ചന്‍റ് പറഞ്ഞു. വാജിദ് ഖാന്‍റെ വിയോഗ വാർത്തയും അദ്ദേഹമാണ് അറിയിച്ചത്. വൃക്ക മാറ്റിവെച്ച ശേഷം അണുബാധയെത്തുടര്‍ന്ന് വാജിദ് ഖാൻ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതോടെ നാലു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, താരത്തിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായും ഹൃദയാഘാതം മൂലമാണ് അന്തരിച്ചതെന്നും സഹോദരനും സംഗീത സംവിധായകനുമായ സാജിദ് ഖാൻ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സംഗീതസംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു - covid death in bollywood
വാജിദ് ഖാന്‍റെ വിയോഗ വാർത്ത സംഗീതസംവിധായകൻ സലിം മർച്ചന്‍റ് ആണ് പുറത്തുവിട്ടത്. വൃക്കയിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു
1998ൽ സൽമാൻ ഖാൻ ചിത്രം 'പ്യാർ കിയാ തോ ടർനാ ക്യാ'യിലൂടെയാണ് വാജിദ് സംഗീത സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഗർവ്, തേരേ നാം, തുംകോ നാ ഭൂൽ പായേങ്കേ, പാട്‌നർ, ദബാങ് ചിത്രങ്ങളിലൂടെ പ്രമുഖ സംഗീത സംവിധായകനായി വളർന്നു. സഹോദരന്‍ സാജിദ് ഖാനുമായി നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. "ഫെവികോൾ സേ", "മേരാ ഹെ ജൽവാ" എന്നിങ്ങനെ ഹിന്ദി ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്. സ രി ഗ മ പ 2012, സ രി ഗ മ പ സിംഗിങ് സൂപ്പർസ്റ്റാർ എന്നീ റിയാലിറ്റി ഷോകളിലെ അവതാരകനും ഐപിഎല്‍ നാലാം സീസണിന്‍റെ തീം സോങ് 'ധൂം ധൂം ധൂം ദമാക്ക'യുടെ സംഗീത സംവിധായകനായും വാജിദ് ഖാൻ പ്രവർത്തിച്ചു. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍, വിശാല്‍ ദാദ്‍ലാനി, ജാവേദ് അലി, ശങ്കര്‍ മഹാദേവന്‍ എന്നിങ്ങനെ ബോളിവുഡിലെ പ്രമുഖർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
എല്ലായ്‌പ്പോഴും പോസിറ്റീവ് ആയിരിക്കുന്ന വ്യക്തിയാണ് വാജിദ് ഖാൻ എന്നും ബോളിവുഡിന് ഇത് തീരാ നഷ്‌ടമാണെന്നും താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.