ശ്രീദേവിയെ ഇന്ത്യയെമ്പാടും പ്രശസ്‌തയാക്കിയ ഹവാ ഹവായ്... ഐശ്വര്യ റായിയും മാധുരി ദീക്ഷിതും ഒരുമിച്ചുള്ള ഡോലാ രേ പാട്ടിന്‍റെ ചുവടുകൾ, തേസാബിലെ മാധുരി ദീക്ഷിതിന്‍റെ ഏക് ദോ തീന്‍... കൂടാതെ ചോളി കെ പീച്ചെ ക്യാ ഹായ്, ധക് ധക് കർനെ ലഗ, ഹം കോ ആജ് കൽ ഹായ് ഇന്തിസാര്‍... പതിറ്റാണ്ടുകൾക്കിപ്പിറവും സൂപ്പർ ഹിറ്റായി തലമുറകൾ കണ്ട് ആസ്വദിക്കുന്ന നൃത്തരംഗങ്ങൾ ഒരുക്കിയത് ദി മദർ ഓഫ് ഡാൻസ് എന്നറിയപ്പെടുന്ന സരോജ് ഖാനാണ്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു സരോജ് ഖാന്‍റെ വിയോഗത്തിന് ഒരു വർഷം പൂർത്തിയായത്. ബോളിവുഡിനെ ചുവടുവപ്പിച്ച ഇതിഹാസ നൃത്ത സംവിധായിക സരോജ് ഖാന്‍റെ ജീവിതം സിനിമയാകുന്നുവെന്നാണ് ഓർമവാർഷികത്തിലെ പ്രഖ്യാപനം.
More Read: ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു
സരോജ് ഖാന്‍റെ ബയോപിക് ഒരുക്കുന്നതായി ടി- സീരീസ് ഉടമ ഭൂഷൺ കുമാർ ട്വിറ്ററിലൂടെ അറിയിച്ചു. സരോജ് ഖാന്‍റെ കുടുംബത്തിന്‍റെ പക്കൽ നിന്നും, നൃത്തസംവിധായികയുടെ ജീവിതം സിനിമയാക്കുന്നതിനുളള അനുവാദം വാങ്ങിയതായി ഭൂഷൺ കുമാർ പറഞ്ഞു. എന്നാൽ, ആരാണ് സരോജ് ഖാനായി വേഷമിടുന്നതെന്നത് വ്യക്തമാക്കിയിട്ടില്ല.
ബോളിവുഡിലെ ആദ്യ നൃത്തസംവിധായിക
ബോളിവുഡിൽ നൃത്തസംവിധാനരംഗത്തേക്ക് ചുവടു വച്ച ആദ്യ വനിത കൂടിയാണ് സരോജ് ഖാൻ. നാൽപ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ 3000 അധികം ഗാനങ്ങൾക്ക് നൃത്തം ഒരുക്കി. നസറാന ആണ് ആദ്യചിത്രം. നൃത്ത സംവിധായകൻ ബി സോഹൻലാലിന്‍റെ നിർദേശത്തിൽ മധുമതി പോലുള്ള ഏതാനും ചിത്രങ്ങളില്‍ സഹനർത്തകിയായി.
സോഹൻലാലിന്‍റെ സഹായിയായി പ്രവർത്തിച്ച ശേഷം ഗീത മേര നാം ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. പിന്നീട് ബോളിവുഡിലെ അത്യുഗ്രൻ ഡാൻസ് ഹിറ്റുകളുടെ സൃഷ്‌ടാവ്. 2020 ജൂലൈ മൂന്നിന് ഹൃദയസ്‌തംഭനത്തെ തുടർന്നാണ് സരോജ് ഖാൻ അന്തരിച്ചത്. 73 വയസായിരുന്നു.