ഹോളി തിമർത്ത് ആഘോഷിക്കുകയാണ് ബോളിവുഡ് താരങ്ങളും. തങ്ങളുടെ പൂർവകാലത്തെ ഓർമകളും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളുമൊക്കെ ചിത്രങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചത്. ബോളിവുഡിലെ മുതിർന്ന താരങ്ങളായ അമിതാഭ് ബച്ചൻ, ഋഷി കപൂർ എന്നിവർ ഓർമചിത്രങ്ങളുമായാണ് ഹോളി ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ എത്തിയത്.
അന്തരിച്ച രാജ് കുമാറിനും ഷമ്മി കപൂറിനൊപ്പം ആർ.കെ സ്റ്റുഡിയോസിൽ നിന്നുള്ള തന്‍റെ ഒരു പഴയകാല ചിത്രമാണ് അമിതാഭ് ബച്ചൻ പങ്കുവെച്ചത്. കൂടാതെ, ഭാര്യ ജയ ബച്ചനും അഭിഷേക് ബച്ചനും ഒപ്പം ഹോളി ആഘോഷിക്കുന്ന കൊളാഷ് ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
"നിറങ്ങളുടെ വെളിച്ചത്തിനായി കാത്തിരിക്കുന്നവർക്ക്, നിങ്ങളുടെ സന്തോഷം ഈ നിറങ്ങളുടെ നിഴലിൽ പ്രതിഫലിക്കട്ടെ. ഹാപ്പി ഹോളി, സുരക്ഷിതരായി ഇരിക്കൂ," എന്നാണ് ഷാരൂഖ് ഖാൻ തന്‍റെ ചിത്രത്തിനൊപ്പം കുറിച്ചത്.
"ഒരു ചെറിയ വികൃതിക്കാരൻ സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ഹോളി ആശംസിക്കുന്നു,കൊറോണ വൈറസിൽ നിന്നും സുരക്ഷിതരായി ഇരിക്കുക," ഋഷി കപൂർ ട്വീറ്റ് ചെയ്‌തു.
തങ്ങളുടെ ഹോളി വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ അമീർ ഖാൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, നേഹാ ധൂപിയ, വിദ്യാ ബാലൻ എന്നിവരും മറന്നിട്ടില്ല. കൂടാതെ, നിറങ്ങൾ പൂശിയ തങ്ങളുടെ ഫോട്ടോകളുമായി പ്രിയങ്കാ ചോപ്രയും കരീന കപൂറും കരീഷ്മാ കപൂറും ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറാ കപൂറും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.