ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ; ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സമ്പ്രദായങ്ങളുടെയും ചങ്ങലയിൽ കെട്ടി ഒരു പെൺകുട്ടിയെ അവളുടെ പിറവി മുതൽ തളച്ചിടുകയാണ്, മഹത്തായ ഭാരതീയ അടുക്കളയിലേക്ക്. വിവാഹം കഴിഞ്ഞാൽ പിന്നെ അവിടത്തെ ചുവരുകൾക്കുള്ളിൽ വീട്ടമ്മയുടെ പട്ടം ചാർത്തി അവളെ കുടിയിരുത്തുന്ന ആണധികാരം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഇതിനെല്ലാമൊരു പ്രഹരമായിരുന്നു. സിനിമ കൈകാര്യം ചെയ്ത വിഷയം അത്രയേറെ പ്രാധാന്യമുള്ളതിനാൽ തന്നെ നീ പ്രൈമിന് ശേഷം ആമസോൺ പ്രൈമിലൂടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റി റിലീസും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു ചിത്രം ആമസോണിൽ പ്രദർശനത്തിനെത്തിയത്. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രദർശിപ്പിക്കുമ്പോൾ ഭാഷകൾ കടന്നും പ്രേക്ഷകരിലേക്ക് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വ്യാപിക്കാൻ സഹായിക്കും.
ഇപ്പോഴിതാ, സിനിമയുടെ റി റിലീസ് കണ്ട് സംവിധായകന് പ്രശംസയുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡിന്‍റെ പ്രിയതാരം റാണി മുഖർജിയാണ്. നടന്‍ പൃഥ്വിരാജിന് അയച്ച വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് നടി തന്‍റെ അഭിനന്ദനം സംവിധായകനെ അറിയിച്ചത്. ഈയടുത്തിടെ ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെന്നും ഇത് സംവിധായകനെ അറിയിക്കണമെന്നും റാണി മുഖർജി പൃഥ്വിരാജിനോട് പറഞ്ഞു.
"പൃഥ്വി, ഇത് ഞാനാണ്... ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം ഞാൻ കണ്ടു... ഇത് ബ്രില്ല്യന്‍റ് ചിത്രമാണ്. എനിക്ക് ഈ സിനിമ ഇഷ്ടമായെന്നും അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മഹത്തായ ചിത്രമായി തോന്നിയെന്നും സംവിധായകനോട് പറയണം," എന്ന് റാണി മുഖർജി കുറിച്ചു. "ആമസോൺ എഫക്റ്റ്" എന്നെഴുതി ജിയോ ബേബിയാണ് പൃഥ്വിരാജ് അയച്ച സന്ദേശം ഫേസ്ബുക്കിൽ പങ്കുവച്ചത്.
പൃഥ്വിരാജും റാണി മുഖർജിയും നല്ല സുഹൃത്തുക്കളാണ്. പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'അയ്യ'യിൽ റാണിയായിരുന്നു നായിക. 2012ലാണ് സിനിമ റിലീസ് ചെയ്തത്. അതേ സമയം, ജനുവരി 15ന് ഒടിടി റിലീസായെത്തിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ആയിരുന്നു മുഖ്യതാരങ്ങൾ. സിനിമ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്കിനൊരുങ്ങുകയാണ്.