ശ്രീനഗർ: ഉത്തര കശ്‌മീരിലെ ബന്ദിപോര ജില്ലയിലുള്ള തുലെ ഗ്രാമത്തിലെത്തി ഇന്ത്യൻ സൈനികരെ സന്ദർശിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഗുരസ് വാലിയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള തുലെ പ്രദേശത്താണ് അക്ഷയ് കുമാർ എത്തിയത്.
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ഹെലികോപ്‌റ്ററിൽ ഇവിടുത്തെ നീരു ഗ്രാമത്തിലെത്തിയ അക്ഷയ് കുമാർ ജവാന്മാരെയും ബിഎസ്‌എഫ് ഉദ്യോഗസ്ഥരെയും സന്ദർശിക്കുകയും ഇവരോട് ഇടപെഴകുകയും ചെയ്‌തു. കൂടാതെ, ബിഎസ്എഫ് യൂണിറ്റ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പ്രദേശവാസികൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.
നീരുവിലെ സ്‌കൂൾ കെട്ടിട നിർമാണത്തിനായി താരം ഒരു കോടി രൂപ സംഭാവന നൽകി. താൻ യഥാർഥ നായകന്മാരെ കണ്ടുമുട്ടിയെന്ന് ജവാന്മാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ബോളിവുഡ് താരം പറഞ്ഞു.
Also Read:നയൻതാരയും വിഘ്നേഷും കൊച്ചിയിലെത്തി; 'പാട്ടി'നായാണെന്ന് റിപ്പോർട്ടുകൾ
'അതിർത്തികൾക്ക് കാവൽ നിൽക്കുന്ന ധൈര്യശാലികളായ ബിഎസ്‌എഫുകാർക്കൊപ്പം അവിസ്മരണീയമായ ഒരു ദിവസം ചെലവഴിച്ചു. ഇവിടെ വരുന്നത് എല്ലായ്‌പ്പോഴും ഒരു അനുഭവമാണ്... യഥാർഥ നായകന്മാരെ കണ്ടുമുട്ടുകയെന്നതിൽ എന്‍റെ ഹൃദയം ബഹുമാനം കൊണ്ട് നിറയുന്നു' എന്നാണ് അക്ഷയ് കുമാർ ട്വീറ്റിൽ കുറിച്ചത്.