അമിതാഭ് ബച്ചൻ.... അഞ്ച് ദശാബ്‌ദങ്ങള്‍... ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അഭിനയ ചക്രവർത്തി... ശബ്ദം കൊണ്ടും ആകാരം കൊണ്ടും കൈയടക്കമുള്ള വിഷയങ്ങളിലെ വൈവിധ്യം കൊണ്ടും സിനിമാസ്വാദകരെ ഇന്നും വിസ്‌മയിപ്പിച്ച് കൊണ്ടിരിക്കുന്ന പ്രതിഭ. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും ക്ഷുഭിത യൗവ്വനം ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കവി ഹരിവംശ റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും മകനായി 1942 ഒക്ടോബർ 11ന് അലഹബാദിലാണ് ഇൻക്വിലാബ് ശ്രീവാസ്തവ എന്ന ബച്ചന്‍റെ ജനനം. കവി സുമിത്രാനന്ദൻ പന്തിന്റെ നിർദേശ പ്രകാരമാണ് ഇൻക്വിലാബ് ശ്രീവാസ്തവ എന്ന പേര് മാറ്റി അദ്ദേഹം അമിതാഭ് ബച്ചൻ എന്ന പേര് സ്വീകരിച്ചത്. ഡൽഹിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ ഏഴ് വര്‍ഷത്തോളം കൊൽക്കത്തയിലെ ഷിപ്പിങ് കമ്പനിയിലാണ് ആദ്യം ജോലി ചെയ്‌തിരുന്നത്. പിന്നീട് മുംബൈയിലേക്കെത്തിയ അദ്ദേഹത്തിന്‍റെ ഗാംഭീര്യമുള്ള ശബ്ദം ചില സിനിമാപ്രവർത്തകരെ ആകർഷിച്ചു. അഭിനയം തുടങ്ങും മുമ്പേ ബച്ചന്‍റെ ഘനഗംഭീര ശബ്ദം പല സിനിമകളിലും മുഴങ്ങിക്കേട്ടു. സത്യജിത്ത് റേയുടെ 'ശത്രജ് കേ ഖിലാഡി' അതിലൊന്ന് മാത്രം. അതേസമയം റേഡിയോയ്ക്ക് അനുയോജ്യമല്ലെന്ന കാരണത്താൽ ആൾ ഇന്ത്യാ റേഡിയോ ബച്ചനെ ഒരിക്കൽ ഒഴിവാക്കിയിരുന്നു.
ഗുലാബോ സിതാബോയില്‍ ആയുഷ്മാന്‍ ഖുറാനക്കൊപ്പം 1969ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്‌ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ബച്ചന്‍ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടായിരുന്നു തുടക്കം. മലയാളത്തിന്‍റെ പ്രിയ നടന്‍ മധുവും ചിത്രത്തില്‍ ബച്ചനെക്കാള്‍ പ്രാധാന്യമുള്ളൊരു വേഷം കൈകാര്യം ചെയ്‌തിരുന്നുവെന്നതും ചരിത്രം. 1971ല്‍ പുറത്തിറങ്ങിയ പർവാനയിൽ കൊലപാതകിയായി മാറുന്ന കാമുകന്‍റെ വേഷം ചെയ്‌തു. അതേവര്‍ഷം തന്നെ സുനിൽ ദത്ത് സംവിധാനം ചെയ്‌ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡില്‍ ശ്രദ്ധേയനായി. 1971ൽ തന്നെ പുറത്തിറങ്ങിയ ഹൃഷികേശ് മുഖർജി ചിത്രം ആനന്ദിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. 1973ൽ പുറത്തിറങ്ങിയ സഞ്ജീറാണ് അമിതാഭിനെ മെഗാതാരമാക്കിയത്. ബോളിവുഡ് പുതിയ ക്ഷുഭിത യൗവനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അതുവരെ പ്രണയ നായകൻമാരെ മാത്രം കണ്ട് പരിചയിച്ചിരുന്ന ബോളിവുഡിന് ബച്ചൻ ശരിക്കും ഹീറോയായി മാറി.
ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും സ്വീകരിക്കുന്നു 1975ൽ കോമഡിക്ക് പ്രാധാന്യമുള്ള ചുപ്കെ ചുപ്കെ, ക്രൈം സിനിമ ഫറാർ, പ്രണയചിത്രം മിലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിവിധ വേഷങ്ങളില്‍ ബച്ചന്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന രണ്ട് ചിത്രങ്ങളിൽ ബച്ചൻ അഭിനയിച്ച വർഷം കൂടിയാണ് 1975. ആദ്യത്തേത് യാഷ് ചോപ്ര സംവിധാനം ചെയ്‌ത ദിവാറായിരുന്നു. ഈ ചിത്രത്തിൽ ശശി കപൂർ, നിരുപ റോയ്, പർവീൺ ബാബി, നീതു സിംഗ് എന്നിവരോടൊപ്പം അഭിനയിക്കുകയും മികച്ച നടനുള്ള മറ്റൊരു ഫിലിം ഫെയർ നോമിനേഷൻ ബച്ചന്‍ നേടുകയും ചെയ്തു. ബോക്സോഫീസിൽ ചിത്രം വലിയ നേട്ടം കൊയ്‌തു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ബോളിവുഡിലെ 25 സിനിമകളിൽ ഒന്നായി ഇൻഡ്യ ടൈംസ് മൂവീസ് ദിവാറിനെ വിലയിരുത്തി. മറ്റൊന്ന് അടിയന്തരാവസ്ഥകാലത്ത് പുറത്തിറങ്ങിയ ഷോലെയായിരുന്നു അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം കൂടിയാണ് ഷോലെ. ജയ്ദേവ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ബച്ചൻ ചിത്രത്തില്‍ അവതരിപ്പിച്ചു. ഷോലെ ഇന്ത്യ കീഴടക്കിയതോടെ സൂപ്പര്‍താര പദവിയിലേക്ക് ബച്ചന്‍ ഉയര്‍ന്നു. 1999ൽ ബിബിസി ഇന്ത്യ ഷോലെയെ 'സഹസ്രാബ്ദത്തിന്‍റെ ചിത്രം' ആയി പ്രഖ്യാപിച്ചു. കൂടാതെ അമ്പതാം ഫിലിംഫെയർ അവാർഡിലെ വിധികർത്താക്കൾ 50 വർഷങ്ങളിലെ മികച്ച ഫിലിംഫെയർ ചിത്രമെന്ന പ്രത്യേക അവാർഡും ഇതിന് നല്‍കി.
പികു ചിത്രത്തില്‍ ദീപിക പദുകോണിനും ഇര്‍ഫാന്‍ഖാനുമൊപ്പം 1982 ജൂലൈ 26 ന് കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സഹ നടനുമൊത്തുള്ള സംഘട്ടന രംഗം ചിത്രീകരണത്തിനിടെ ബച്ചന് ആന്തരാവയവത്തിൽ മാരകമായി പരിക്കേറ്റിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു ബച്ചന്‍ സംഘട്ടനങ്ങള്‍ ചെയ്‌തിരുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മാസങ്ങളോളം മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിലായിരുന്നു ബച്ചന്‍. പ്രിയ താരത്തിന്‍റെ തിരിച്ചുവരവിനായി ആരാധകര്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സുഖം പ്രാപിച്ച് ആശുപത്രി വിട്ടിറങ്ങുന്ന ബച്ചനെ കാണാന്‍ വലിയൊരു ആരാധക വൃന്ദം തന്നെ ആശുപത്രി പരിസരത്ത് തടിച്ച് കൂടിയിരുന്നു.
പാ എന്ന ചിത്രത്തില്‍ മകന്‍ അഭിഷേക് ബച്ചനൊപ്പം ഏറെ നാള്‍ കൂലി ഷൂട്ടിങ് ബച്ചന്‍റെ പരിക്കിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ ഷൂട്ടിങ് പുനരാരംഭിച്ചു. ബച്ചന് സംഭവിച്ച അപകടം വലിയ വാര്‍ത്തയായിരുന്നതിനാല്‍ ബോക്‌സ് ഓഫീസില്‍ കൂലി വലിയ വിജയമായിരുന്നു. പ്രതീക്ഷക്കും അപ്പുറം ചിത്രം കലക്ഷന്‍ നേടി. ഏറെ നാളുകള്‍ക്ക് ശേഷം പിന്നീട് അദ്ദേഹത്തിന് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം കണ്ടെത്തി. അസുഖം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ദുർബലനാക്കുകയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയും ചെയ്‌തിരുന്നു. രാജീവ് ഗാന്ധിയുമായുള്ള സൗഹൃദമാണ് രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം. എങ്കിലും അവിടെയും പരാജയമായിരുന്നു ഫലം. തിരിച്ചടികൾ ബച്ചനെ പുതിയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പുതിയ നിർമാണക്കമ്പനി അദ്ദേഹം പിന്നീട് തുടങ്ങി. മൃത്യുദാദ ഉൾപ്പെടെ നിർമിച്ച ചിത്രങ്ങൾ പക്ഷേ വേണ്ടത്ര നേട്ടം കൊയ്തില്ല. മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകരായി രംഗത്ത് വന്നപ്പോഴും കമ്പനിക്ക് പരാജയമായിരുന്നു ഫലം. അതോടെ കമ്പനി കടബാദ്ധ്യതയിലായി.
'കോൻ ബനേഗാ ക്രോർപതി' എന്ന ടിവി ഷോയിലെ അവതാരകന്റെ വേഷം ബച്ചന് വീണ്ടും പുനർജന്മം നൽകി. ആദിത്യ ചോപ്ര ഒരുക്കിയ മൊഹബത്തേം, കരൺ ജോഹറിന്റെ കദി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ 'ഷഹൻ ഷാ' വീണ്ടും നേട്ടങ്ങള്‍ കൊയ്‌ത് തുടങ്ങി. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്കായിരുന്നു ബച്ചനെ അദ്ദേഹത്തിന്‍റെ തിരിച്ചുവരവിൽ ഏറെ സഹായിച്ച മറ്റൊരു സിനിമ. ബധിരയും അന്ധയുമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന വൃദ്ധനായ അധ്യാപകനായി ബച്ചൻ ഈ ചിത്രത്തിൽ അഭിനയിച്ച് വിസ്മയിപ്പിച്ചു. മകന്‍ അഭിഷേക് ബച്ചന്‍റെ പ്രൊജീരിയ ബാധിച്ച 13 വയസുള്ള മകനായി 'പാ' എന്ന ചിത്രത്തിലൂടെ ബച്ചന്‍ വീണ്ടും പ്രതിഭ തെളിയിച്ചു. 2009ന്‍റെ അവസാനത്തോടെ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് വിജയമാകുകയും കൂടാതെ മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ പുരസ്കാരം ബച്ചന് നേടി കൊടുക്കുകയും ചെയ്‌തു. 2010ൽ മേജർ രവി സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനായ കാണ്ഡഹാറിലൂടെ അദ്ദേഹം മലയാള സിനിമയിലും സാന്നിധ്യമറിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം പ്രതിഫലം സ്വീകരിച്ചിരുന്നില്ല. 2013ൽ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ 'ദി ഗ്രേറ്റ് ഗാറ്റ്സ്ബി' എന്ന ചിത്രത്തിലൂടെ ലിയോനാർഡോ ഡികാപ്രിയോയ്ക്കും ടോബി മഗ്വെയറിനുമൊപ്പം അഭിനയിച്ചു. ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ മെഴുക് പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആദ്യ ഏഷ്യാക്കാരന്‍ കൂടിയാണ് ബച്ചന്.
മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. 1991ൽ അഗ്നിപഥ്, 2006ൽ ബ്ലാക്ക്, 2010ൽ പാ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2019ല്‍ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ ആജീവനാന്ത സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും ലഭിച്ചു. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഇടിവി ഭാരതിന്‍റെ പിറന്നാള്‍ ആശംസകള്‍......